KeralaNews

നഴ്സുമാർക്ക് സന്തോഷ വാർത്ത, ജപ്പാന് 60000 നഴ്സുമാരെ വേണം

തിരുവനന്തപുരം: ജപ്പാനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യയും ജപ്പാനും ചേർന്ന് ആരംഭിക്കുന്ന ‘പ്രത്യേക വിദഗ്ധ തൊഴിലാളി പദ്ധതി’ (സ്പെസിഫൈഡ് സ്കിൽഡ് വർക്കേഴ്സ്) കേരളത്തിൽ നടപ്പാക്കുമ്പോൾ കൂടുതൽ പരിഗണന ലഭിക്കുക നഴ്സിങ് മേഖലയ്ക്ക്. ഏകദേശം 60,000 നഴ്സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. വലിയൊരു ശതമാനവും കേരളത്തിൽനിന്നാകുമെന്നാണ് പ്രതീക്ഷ. എൻജിനിയറിങ് മേഖലയിൽനിന്ന് ഒട്ടേറെ പേർക്ക് മികച്ച തൊഴിൽ സാധ്യതയുണ്ട്.

കേരളത്തിൽ നോർക്ക റൂട്സിനാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഒരുമാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിൽനിന്ന് വ്യക്തമായ നിർദേശമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നോർക്ക റൂട്സ് റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ജപ്പാനിൽനിന്ന് ഭാഷ പഠിപ്പിക്കാൻ പരിശീലകൻ എത്തുന്നതനുസരിച്ച് അപേക്ഷകരെ ക്ഷണിക്കും.

പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷയിൽ വിജയിച്ചാൽ ജപ്പാനിലേക്ക് കപ്പൽ കയറാം. വീട്ടുജോലി, അവിദഗ്ധ തൊഴിൽ മേഖലകളിലും സാധ്യതകളുണ്ട്. അവിദഗ്ധ മേഖലയിലെ തൊഴിലവസരം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയവർക്കും പ്രയോജനപ്പെടുത്താം.

പദ്ധതി ഇരു സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരമായതിനാൽ കബളിപ്പിക്കപ്പെടുമെന്ന ആശങ്ക വേണ്ടാ. ആനുകൂല്യങ്ങളും നിയമ പരിരക്ഷയും തൊഴിലാളികൾക്കു ലഭിക്കും. ഇടനിലക്കാരില്ലാത്തതിനാൽ മറ്റു ചെലവുകളുണ്ടാവില്ല.

പരിശീലകന് ശമ്പളം നൽകുക ജപ്പാനായിരിക്കും.പരീക്ഷ ജയിച്ചാൽ അഞ്ചുവർഷത്തേക്കാണ് നിയമനം. കാലാവധി പൂർത്തിയാകുന്നതനുസരിച്ച് പുതുക്കാം. ജനുവരിയോടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയാക്കാമെന്നാണു പ്രതീക്ഷിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button