ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. പരിപാടി അലങ്കോലപ്പെടുത്താനാണ് ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ശീതള്‍ നന്ദ വ്യക്തമാക്കി.
സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നു.സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു ജനങ്ങളോട് അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.