ജെയിംസ് ബോണ്ട് ആരാധകന്‍ ഇഷ്ട നമ്പറായ 007 സ്വന്തമാക്കാന്‍ മുടക്കിയത് 34 ലക്ഷം രൂപ!

അഹമ്മദാബാദ്: ജെയിംസ് ബോണ്ട് സിനിമകളുടെ ആരാധകന്‍ വാഹനത്തിന് ഇഷ്ട രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കാന്‍ മുടക്കിയത് 34 ലക്ഷം രൂപ. ജെയിംസ് ബോണ്ട് സിനിമകളിലെ നമ്പറായ 007 സ്വന്തമാക്കാന്‍ അഹമ്മദാബാദ് സ്വദേശിയായ ആഷിക് പട്ടേല്‍ എന്ന 28കാരനാണ് ആണ് 34 ലക്ഷം രൂപ ചെലവഴിച്ചത്. 39.5 ലക്ഷം രൂപയ്ക്ക് വാങ്ങിയ എസ്.യു.വിക്കാണ് 34 ലക്ഷം മുടക്കി നമ്പര്‍ സ്വന്തമാക്കിയത്.

007 തന്റെ ഭാഗ്യ നമ്പരാണെന്ന് കരുതുന്നുവെന്നും അതിനാല്‍ പണം ഒരു പ്രശ്നമായി തോന്നിയില്ലെന്നും ആഷിക് പറഞ്ഞു. ആഷികിന്റെ ആദ്യ വാഹനമാണ് ഈ എസ്.യു.വി. ജി.ജെ 01 ഡബ്ല്യു.എ 007 എന്നതാണ് ആഷികിന് ലഭിച്ച നമ്പര്‍. 25000 രൂപ മുതലാണ് ഈ നമ്പറിനായി ലേലം തുടങ്ങിയത്. ആഷികും മറ്റൊരാളുമാണ് ഈ നമ്പറിനായി രംഗത്ത് ഉണ്ടായിരുന്നത്.

ഇരുവരും 25 ലക്ഷം രൂപ വരെ വിളിച്ചു. ഒടുവില്‍ ലേലം അവസാനിക്കുന്ന രാത്രി 11.53ന് ആഷിക് 34 ലക്ഷം രൂപയ്ക്ക് ലേലം പിടിക്കുകയായിരുന്നു. 007 നമ്പറിന് ലഭിച്ച 34 ലക്ഷം രൂപ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന തുകയാണെന്ന് അസിസ്റ്റന്‍്റ് ആര്‍.ടി.ഒ പര്‍മര്‍ പറഞ്ഞു. നമ്പര്‍ ഉടന്‍ ഔദ്യോഗികമായി കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News