ഇസ്‍ലാമബാദ്∙ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചത് മന്ത്രവാദം നടത്തിയിട്ടാണെന്ന ആരോപണവുമായി പാക്കിസ്ഥാനി മാധ്യമ പ്രവർത്തകയും ടിക്ടോക് താരവുമായ ഹരീം ഷാ. പാക്കിസഥാൻ ക്രിക്കറ്റ് ടീമിനുമേൽ സ്വാധീനം ചെലുത്തുന്നതിന് ബിസിസിഐ ദുര്‍മന്ത്രവാദം നടത്തിയെന്നാണ് ഹരീം ഷായുടെ പരാതി. എക്സ് പ്ലാറ്റ്ഫോമിൽ ഇവരുടെ ‘കണ്ടെത്തൽ’ വിവാദമായതോടെ വൻപരിഹാസമാണ് ഉയരുന്നത്.
‘‘പാക്കിസ്ഥാൻ ടീമിനുമേൽ ദുർമന്ത്രവാദം നടത്താൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ മന്ത്രവാദിയെ നിയോഗിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കണം. അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണിത്.’’– ഹരീം ഷാ ആരോപിച്ചു. കാർത്തിക്ക് ചക്രവർത്തിയെന്നാണ് മന്ത്രവാദം നടത്തിയ ആളുടെ പേരെന്നും ഹരീം ഷാ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ആയിരത്തിലേറെ പ്രതികരണങ്ങളാണ് ഹരീം ഷായുടെ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിനു ലഭിച്ചത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.
തുടക്കത്തിൽ ബോളുകൊണ്ടും മറുപടി ഇന്നിങ്സിൽ ബാറ്റുകൊണ്ടും തകർത്താടിയ ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ സമ്പൂർണ പരാജയമായി മാറുകയായിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ എട്ടാം ജയമായിരുന്നു ഇത്. 7 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. ജയത്തോടെ വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.