ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല; പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്നമുണ്ടെന്ന് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയില്‍ പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന ബിജെപി നേതാവും മുന്‍ഡിജിപിയുമായ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്നും ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘടനാ തലത്തില്‍ സമൂലമായ മാറ്റമുണ്ടാവണം. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്നങ്ങള്‍ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതല്‍ മാറ്റമുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കിലും അത് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അതീതമാവരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, കൊടകര കുഴല്‍പണ കേസ്, മറ്റ് സാമ്പത്തിക ആരോപണങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടെ നല്‍കാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ജേക്കബ് തോമസിന് പുറമെ സി.വി ആനന്ദബോസും പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തോട് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും താത്പര്യമില്ല. ബിജെപിയില്‍ നേതൃമാറ്റം വേണമെന്നും ബൂത്തു തലംമുതല്‍ പാര്‍ട്ടി അഴിച്ചുപണിയണമെന്നും ആനന്ദബോസ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതില്‍ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News