അവസാനയാത്രയ്ക്ക് മുമ്പ് അന്‍സി കുറിച്ചു… ‘പോകാനുള്ള സമയമായി’

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വാർത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

മരണത്തിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് മുൻ മിസ് കേരള അൻസി കബീർ കുറിച്ച വാക്കുകൾ അറം പറ്റിയതിന്റെ ആഘാതത്തിലാണ് ആരാധകരും സുഹൃത്തുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അൻസി കബീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആൻസിയുടെ ഒറ്റവരി പോസ്റ്റ്.

വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അൻസിയുടെ മരണത്തിൽ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. അൻസി ഇത് നേരത്തെ മുൻകൂട്ടി കണ്ടിരുന്നുവെന്നും ചിലർ അവരുടെ പോസ്റ്റിന് താഴെ കുറിച്ചു.

2019-ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു. അൻസിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News