25.6 C
Kottayam
Thursday, June 4, 2026

പെനാൽട്ടിയിൽ സ്പെയിനെ കൊമ്പുകുത്തിച്ചു, ഇറ്റലി യൂറോ ഫൈനലിൽ

Must read

വെംബ്ലി:യൂറോ കപ്പിൽ ഇറ്റലിയുടെ അപരാജിത കുതിപ്പിനുമുന്നിൽ തളർന്ന് സ്പെയിൻ. യൂറോ 2020 സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും സംഘവും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലി 4-2 എന്ന സ്കോറിന് സ്പെയിനിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്.

നിശ്ചിത സമയത്ത് ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്പെയിനിനായി ആൽവാരോ മൊറാട്ടയുമാണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഗോൾ നേടിയെങ്കിലും പെനാൽട്ടി ഷൂട്ടൗട്ടിൽ ലക്ഷ്യം കാണാൻ മൊറാട്ടയ്ക്ക് സാധിച്ചില്ല.പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലിയ്ക്കായി ആൻഡ്രിയ ബെലോട്ടി, ലിയോണാർഡോ ബൊനൂച്ചി, ഫെഡറിക്കോ ബെർണാർഡ്സ്കി, ജോർജീന്യോ എന്നിവർ സ്കോർ ചെയ്തപ്പോൾ സ്പെയിനിനായി ജെറാർഡ് മൊറേനോ, തിയാഗോ അലകാൻടാറ എന്നിവർക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ഡാനി ഓൽമോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോൾ ആൽവാരോ മൊറാട്ടയുടെ കിക്ക് ഡോണറുമ്മ തട്ടിയകറ്റി.

ഫൈനലിൽ ഇംഗ്ലണ്ട്-ഡെന്മാർക്ക് സെമി ഫൈനൽ മത്സരത്തിലെ വിജയിയെ ഇറ്റലി നേരിടും. ഈ വിജയത്തോടെ തുടർച്ചയായി 33 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറാൻ ഇറ്റലിയ്ക്ക് സാധിച്ചു. പരിശീലകൻ റോബർട്ടോ മാൻചീനിയുടെ കീഴിൽ അത്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി യൂറോ കപ്പിൽ ഒറ്റ മത്സരത്തിൽ പോലും തോറ്റിട്ടില്ല. 1968 ന് ശേഷം യൂറോ കിരീടം നേടിയെടുക്കാൻ ഇറ്റലിയ്ക്ക് ഇനി ഒരു വിജയം മാത്രം മതി.

- Advertisement -

സ്പെയിൻ മൂന്നു മാറ്റങ്ങളും ഇറ്റലി ഒരു മാറ്റവും വരുത്തിയാണ് സെമി ഫൈനലിൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ആദ്യ പത്തുമിനിട്ടിൽ ഗോളവസരങ്ങൾ കാര്യമായി സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല.
12-ാം മിനിട്ടിൽ സ്പെയിനിന്റെ ഒയർസബാലിന് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലിൽ കുടുക്കാൻ സാധിച്ചില്ല. 14-ാം മിനിട്ടിൽ സ്പെയിനിന്റെ ഫെറാൻ ടോറസിന്റെ ലോങ്റേഞ്ചർ പോസ്റ്റിന് പുറത്തേക്ക് പോയി.

- Advertisement -

17-ാം മിനിട്ടിൽ ബരെല്ലയെ ബുസ്കെറ്റ്സ് വീഴ്ത്തിയതിന്റെ ഭാഗമായി ഇറ്റലിയ്ക്ക് മികച്ച ഫ്രീകിക്ക് ലഭിച്ചു. എന്നാൽ അതൊരു ഗോളവസരമാക്കി മാറ്റാൻ അസൂറികൾക്ക് കഴിഞ്ഞില്ല. 21-ാം മിനിട്ടിൽ സ്പെയിൻ ഗോൾകീപ്പർ ഉനായ്സിമോൺ സ്ഥാനം തെറ്റി നിന്നപ്പോൾ ഇറ്റാലിയൻ താരങ്ങൾക്ക് തുറന്ന പോസ്റ്റിലേക്ക് അവസരം ലഭിച്ചു. എന്നിട്ടും അത് ഗോളാക്കി മാറ്റാൻ താരങ്ങൾക്ക് സാധിച്ചില്ല.

25-ാം മിനിട്ടിൽ സ്പെയിനിന്റെ ഡാനി ഓൽമോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ പോസ്റ്റിലേക്കുള്ള കിക്ക് ഗോൾകീപ്പർ ഡോണറുമ്മ തട്ടിയകറ്റി. 45-ാം മിനിട്ടിൽ ഇറ്റലിയുടെ എമേഴ്സണിന്റെ ഷോട്ട് സ്പെയിൻ പോസ്റ്റിൽ തട്ടിത്തെറിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയിൽ കാര്യമായ നീക്കങ്ങൾ നടത്താൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ 52-ാം മിനിട്ടിൽ സ്പാനിഷ് നായകൻ സെർജിയോ ബുസ്കെറ്റ്സിന്റെ ഗോളെന്നുറച്ച ഷോട്ട് ഇറ്റാലിയൻ ക്രോസ് ബാറിൽ ചുംബിച്ചുകൊണ്ട് കടന്നുപോയി. തൊട്ടുപിന്നാലെ സ്പാനിഷ് പോസ്റ്റിലേക്ക് ഇരച്ചുകയറിയ കിയേസ മികച്ച ഒരു ഗ്രൗണ്ടർ അടിച്ചെങ്കിലും ഗോൾകീപ്പർ സിമോൺ അത് കൈയ്യിലൊതുക്കി.

57-ാം മിനിട്ടിൽ ഒയർസബാലിന്റെ ലോങ്റേഞ്ചർ ഗോൾകീപ്പർ ഡോണറുമ്മ കൈയ്യിലൊതുക്കി. രണ്ടാം പകുതിയിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി സ്പെയിനും ഇറ്റലിയും കളം നിറഞ്ഞുകളിച്ചു.
60-ാം മിനിട്ടിൽ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് ഇറ്റലി മത്സരത്തിൽ ലീഡെടുത്തു. ഫെഡറിക്കോ കിയേസയാണ് അസൂറികൾക്കായി ഗോൾവല ചലിപ്പിച്ചത്. ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ പിറന്നത്. സ്പെയിൻ പന്തുമായി ഇറ്റാലിയൻ പോസ്റ്റിലെത്തി ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ ഡോണറുമ്മ അത് രക്ഷപ്പെടുത്തി. പിന്നാലെ ഇറ്റാലിയൻ ഗോൾകീപ്പർ തന്നെയാണ് ഗോളിനുള്ള വഴി ആദ്യം വെട്ടിയത്.

- Advertisement -

ഷോട്ട് സേവ് ചെയ്ത ഡോണറുമ്മ മികച്ച പാസിലൂടെ ുന്ത് വെറാട്ടിയ്ക്ക് കൈമാറി. വെറാട്ടി ഇൻസീനിയ്ക്ക് പാസ് നൽകി. ഇൻസീനി ഇമ്മൊബീലിന് കണക്കായി പാസ് നൽകിയെങ്കിലും സ്പെയിൻ പ്രതിരോധതാരം ലാപോർട്ടെ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചു. പക്ഷേ പെട്ടെന്ന് പന്ത് റാഞ്ചിയെടുത്ത കിയേസ ഗോൾകീപ്പർ സിമോണിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. ഇതോടെ വെംബ്ലി സ്റ്റേഡിയം ഇറ്റാലിയൻ ആരാധകരുടെ ശബ്ദത്താൽ പൊട്ടിത്തെറിച്ചു. താരം രാജ്യത്തിനായി നേടുന്ന മൂന്നാം ഗോളാണിത്.

ഗോൾവീണതോടെ സമനില നേടാനായി സ്പെയിൻ ആക്രമണങ്ങൾക്ക് വേഗം കൂട്ടി. 64-ാം മിനിട്ടിൽ ഒയർസബാലിന് തുറന്ന അവസരം ലഭിച്ചെങ്കിലും പാസിന് കൃത്യമായി തലവെയ്ക്കാൻ താരത്തിന് കഴിഞ്ഞില്ല. 68-ാം മിനിട്ടിൽ ഇറ്റലിയുടെ ബെരാർഡിയെടുത്ത ഷോട്ട് സിമോൺ തട്ടിയകറ്റി അപകടം ഒഴിവാക്കി.

75-ാം മിനിട്ടിൽ പകരക്കാരനായി എത്തിയ സ്പെയിനിന്റെ ആൽവാരോ മൊറാട്ട മികച്ച അവസരം പാഴാക്കി. ഗോൾ വഴങ്ങിയതോടെ തുടരെ മാറ്റങ്ങൾ വരുത്താൻ പരിശീലകൻ ലൂയിസ് എന്റിക്കെ ശ്രമിച്ചു. പക്ഷേ സ്പെയിൻ ആക്രമണങ്ങളെ ഇറ്റാലിയൻ പ്രതിരോധം നന്നായി തന്നെ നേരിട്ടു.വിജയച്ചിരിയുമായി മുന്നേറിയ ഇറ്റാലിയൻ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് പകരക്കാരനായി വന്ന സൂപ്പർ താരം ആൽവാരോ മൊറാട്ട ഗോൾ നേടിക്കൊണ്ട് സ്പെയിനിന് നിർണായക സമനില നേടിക്കൊടുത്തു. 80-ാം മിനിട്ടിലാണ് ഇറ്റാലിയൻ പോസ്റ്റിലേക്ക് താരം നിറയൊഴിച്ചത്. മൊറാട്ട തന്നെ തുടങ്ങിവെച്ച നീക്കത്തിലൂടെയാണ് ഗോൾ പിറന്നത്.

ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പാസ് സ്വീകരിച്ച മൊറാട്ട പന്തുമായി അതിവേഗം കുതിച്ച് പ്രതിരോധതാരങ്ങളെ മറികടന്ന് ഓൽമയ്ക്ക് പാസ് നൽകി. ഓൽമ അതേ വേഗത്തിൽ മൊറാട്ടയ്ക്ക് പാസ് നൽകി. ബോക്സിനുള്ളിലേക്ക് പന്തുമായി കയറിയ മൊറാട്ട ഗോൾകീപ്പർ ഡോണറുമ്മയെ അനായാസം കബിളിപ്പിച്ച് ഗോൾ നേടി. ഇതോടെ സ്പെയിൻ 1-1 എന്ന സ്കോറിന് സമനില പിടിച്ചു. നിശ്ചിത സമയത്തും ഇതേ സ്കോറിൽ തന്നെ ഇറ്റലിയും സ്പെയിനും കളിയവസാനിപ്പിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ, 97-ാം മിനിട്ടിൽ ഇറ്റാലിയൻ ബോക്സിനകത്ത് കൂട്ടപ്പൊരിച്ചിൽ ഉണ്ടായെങ്കിലും അതിൽ നിന്നും ഗോൾ നേടാൻ സ്പെയിനിന് സാധിച്ചില്ല. ഡാനി ഓൽമോയുടെ അപ്രതീക്ഷിത ഫ്രീകിക്ക് ഡോണറുമ്മ തട്ടിയകറ്റി. പിന്നാലെ പന്ത് സ്വീകരിച്ച മൊറാട്ടയ്ക്ക് ലക്ഷ്യം കാണാനായില്ല.

101-ാം മിനിട്ടിൽ ആൽവാരോ മൊറാട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുന്നോട്ടുകയറിവന്ന ഗോൾകീപ്പർ ഡോണറുമ്മ പന്ത് കുത്തിയകറ്റി അപകടം ഒഴിവാക്കി. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയിൽ സ്പെയിൻ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും സ്പെയിൻ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ഇടയ്ക്ക് കൗണ്ടർ അറ്റാക്ക് നടത്താൻ ഇറ്റലിയും ശ്രമിച്ചു. 108-ാം മിനിട്ടിൽ ഇറ്റലിയുടെ ബെറാർഡി സ്പെയിൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. വൈകാതെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week