KeralaNews

വിധാൻ പരിഷത്ത് രൂപവത്കരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍;മമതയെ സഭയിലെത്തിക്കാനെന്ന് ബി.ജെ.പി.

കൊൽക്കത്ത: വിധാൻ പരിഷത്ത് (ലെജിസ്ളേറ്റീവ് കൗൺസിൽ)രൂപവത്കരിക്കാനുള്ള നീക്കവുമായി പശ്ചിമ ബംഗാൾ സർക്കാർ. ലെജിസ്ളേറ്റീവ് കൗൺസിൽ രൂപവത്കരണത്തിനായുള്ള പ്രമേയം നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബി.ജെ.പിയുടെ ശക്തമായ എതിർപ്പിനെ അതിജീവിച്ചാണ് സഭ പ്രമേയം പാസാക്കിയത്. 265 എം.എൽ.എമാരിൽ 196 പേർ ലെജിസ്ളേറ്റീവ് കൗൺസിൽ അഥവാ വിധാൻ പരിഷത്ത് വേണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 69 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി.

അതേസമയം വിധാൻ പരിഷത്ത് രൂപവത്കരണ നീക്കത്തിന് നിയമസാധുതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് നടത്താതെ മമതാ ബാനർജിയെ നിയസഭയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. നേരത്തെ പശ്ചിമബംഗാളിന് വിധാൻ പരിഷത്ത് ഉണ്ടായിരുന്നു. എന്നാൽ 1969-ൽ അന്നത്തെ ഇടതുസർക്കാർ ഈ സംവിധാനം റദ്ദാക്കി. വിധാൻ പരിഷത്ത് പുനഃസ്ഥാപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

നിയമസഭ പ്രമേയം പാസാക്കിയെങ്കിലും ഗവർണറുടെ ശുപാർശയും പാർലമെന്റിന്റെ ഇരുസഭകളുടെയും അനുമതിയും വിധാൻ പരിഷത്ത് രൂപവത്കരണത്തിന് ആവശ്യമാണ്. രാഷ്ട്രപതിയാണ് അന്തിമ അംഗീകാരം നൽകേണ്ടത്.

വിധാൻ പരിഷത്ത് രൂപവത്കരണത്തിന് അനുകൂല മറുപടി ലഭിക്കാത്തപക്ഷം അത് മമതാ ബാനർജിക്ക് തിരിച്ചടിയാകും. കാരണം മമതാ ബാനർജി നിലവിൽ പശ്ചിമ ബംഗാൾ നിയമസഭാംഗമല്ല എന്നതു തന്നെ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിസ്ഥാനത്തു തുടരണമെങ്കിൽ, സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം മമതയ്ക്ക് നിയമസഭാംഗത്വം നേടണം. ഈ ആറുമാസ കാലാവധി ഒക്ടോബറിൽ അവസാനിക്കും.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ, ഈ സമയത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന സംശയവുമുണ്ട്. സംസ്ഥാനത്ത് വിധാൻ പരിഷത്ത് രൂപവത്കരിക്കപ്പെടുന്ന പക്ഷം മമതയെ അവിടേക്ക് നാമനിർദേശം ചെയ്യാനാകും. അങ്ങനെയെങ്കിൽ ഉപതിരഞ്ഞെടുപ്പ് വൈകിയാലും അത് മമതയ്ക്ക് ഭീഷണിയാകില്ല. മമതാ സർക്കാരിലെ ധനമന്ത്രി അമിത് മിത്രയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. നിലവിൽ ബംഗാൾ നിയമസഭയിലെ ഏഴ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിധാൻ പരിഷത്ത് രൂപവത്കരണ നീക്കത്തിന് ഡൽഹിയിൽനിന്ന് പച്ചക്കൊടി കിട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker