KeralaNews

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് 10 കോടി നല്‍കി അവസാനിപ്പിക്കുന്നു

കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് അവസാനിപ്പിക്കുന്നു. എണ്ണക്കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുത്തത്.

കേരള സര്‍ക്കാര്‍ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാല്‍ 10 കോടിയെ നല്‍കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്‍കിയാണ് കേസ് അവസാനിപ്പിക്കുക. ഇതിനായി ഇറ്റലി സര്‍ക്കാരും കേന്ദ്രസംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങി.

കേസില്‍ ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു വിധി. എന്നാല്‍, ട്രിബ്യൂണലിന്റെ വിധിയെ നോക്കുകുത്തിയാക്കി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കുന്നതിനെതിരേ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വെടിവെപ്പ് സമയത്ത് ബോട്ടില്‍ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രിജില്‍ എന്ന 14കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാള്‍ക്കും നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന പരാതിയും സര്‍ക്കാരിനു മുന്നിലുണ്ട്. ഇറ്റലി നല്കുന്ന നാലു കോടി രൂപ ജലസ്റ്റിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കുമാണ് കിട്ടുക. അജേഷ് പിങ്കിന്റെ രണ്ട് സഹോദരിമാര്‍ക്കാണ് നാലു കോടി രൂപ കൈമാറുക. ഇവര്‍ക്ക് നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു.

നഷ്ടപരിഹാരത്തെ ചൊല്ലിയും പ്രതികളുടെ ശിക്ഷയെ ചൊല്ലിയും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍ എംബസിയുമായിയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്. ആര്‍ബിറ്ററി ട്രിബ്യൂണല്‍ വെടിവെച്ച ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. 2012 ഫെബ്രുവരി 15നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button