മന്ത്രി ബലാത്സംഗം ചെയ്‌തെന്ന് ഗായിക, വിവാഹേതര ബന്ധമുള്ളത് പരാതിക്കാരിയുടെ സഹോദരിയുമായെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍; വിവാദം
മുംബൈ: മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ ബലാത്സംഗ ആരോപണവുമായി ഗായിക. സംഭവം ചര്‍ച്ചയായതിന് പിന്നാലെ മന്ത്രി നടത്തിയ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. പരാതി കള്ളമാണെന്നും പരാതിക്കാരിയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
ജനുവരി 10നാണ് എന്‍സിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെ ഒരു ഗായിക ലൈംഗിക പീഡന പരാതി നല്‍കിയത്. സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ വന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. 2006ലാണ് സംഭവം നടന്നത്. തുടര്‍ന്ന് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അതിക്രമം തുടര്‍ന്നെന്നും യുവതി ആരോപിച്ചു.
ഇതിന് പിന്നാലെയാണ് തന്റെ അവിഹിതബന്ധത്തെക്കുറിച്ച് മന്ത്രി തുറന്നു പറഞ്ഞത്. 2003 മുതല്‍ ഈ ഗായികയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. ആ ബന്ധത്തില്‍ ഒരു മകളും ഒരു മകനുമുണ്ട്. ഇതെല്ലാം തന്റെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാം. മക്കളെയും അമ്മയെയുമെല്ലാം താന്‍ നോക്കുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം മുന്‍പ് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിയായി. വഴങ്ങില്ലെന്ന് കണ്ടതോടെയാണ് വ്യാജ ആരോപണം ഉന്നയിക്കുന്നത് എന്നുമായിരുന്നു ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.
പിന്നാലെ ബിജെപിയുടെ മഹിളാ വിഭാഗം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി. വിവാഹേതര ബന്ധം പ്രതിരോധമായി പറഞ്ഞതും പ്രതിപക്ഷം ആയുധമാക്കി. രണ്ട് ഭാര്യമാരെ ഹിന്ദു സംസ്‌കകാരം അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു. എന്‍സിപി നേതൃത്വം വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മരുമകനാണ് ധനഞ്ജയ് മുണ്ഡെ.