മുംബൈ: നടി ജിയാ ഖാന്റെ കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടാനുള്ള കാരണം നടിയുടെ മാതാവ് റാബിയ ഖാന്‍ തന്നെയെന്ന് സിബിഐ കോടതി. റാബിയ ഖാന്റെ മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യമുണ്ടായിരുന്നുവെന്ന് കേസ് പരിഗണിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി എ.എസ് സയ്യദ് ആരോപണ വിധേയനായ നടന്‍ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധിപ്രസ്താവനയില്‍ പറഞ്ഞു.
പരാതിക്കാരിയായ റാബിയ ഖാന്‍ ജിയയുടെ കേസ് അന്വേഷിച്ച പോലീസിനേയും സിബിഐയേയും കുറ്റപ്പെടുത്തി. രണ്ട് ഏജന്‍സികളും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇത് പ്രോസിക്യൂഷന്റെ തെളിവുകളെ ദുര്‍ബലമാക്കി. ജിയ ഖാന്റെ മരണം ആത്മഹത്യയല്ലെന്നും സൂരജ് പഞ്ചോളി കൊലപ്പെടുത്തിയതാണെന്നുമാണ് റാബിയ സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അതല്ലായിരുന്നു പ്രോസിക്യൂഷന്റെ കേസ്. പ്രോസിക്യൂഷന്‍ ആത്മഹത്യപ്രേരണാക്കുറ്റം ആരോപിച്ചപ്പോള്‍ റാബിയ അത് കൊലപാതകമെന്നാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഈ വൈരുദ്ധ്യമാണ് കേസിനെ നശിപ്പിച്ചത്.
ജിയ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അത് അവരെ രക്ഷിച്ചത് സൂരജാണ്. ജിയ സൂരജിനെ ആത്മാര്‍ഥമായി സ്‌നേഹിച്ചു. എന്നാല്‍ സൂരജ് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തന്റെ സമയം മുഴുവന്‍ പ്രണയത്തിനായി മാറ്റിവയ്ക്കാന്‍ തയ്യാറായില്ല. ജിയക്ക് ആ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ തന്നെ വൈകാരികതയുടെ ഇരയായി മാറുകയായിരുന്നു. അവര്‍ക്ക് അതിനെ അതിജീവിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ജിയയുടെ മരണത്തില്‍ സൂരജ് ഉത്തരവാദിയെന്ന് പറയാന്‍ സാധിക്കില്ല.
മരിച്ച വ്യക്തിയ്ക്ക് ആത്മഹത്യപ്രവണതയുണ്ടായിരുന്നു. ഒരിക്കല്‍ അവരതിന് ശ്രമിച്ചപ്പോള്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണ് (സൂരജ് പഞ്ചോളി) ഡോക്ടറെ വിളിച്ചതും വൈദ്യസഹായം ഉറപ്പാക്കിയതും. മാത്രവുമല്ല വിഷാദത്തില്‍ നിന്ന് ജിയയെ വിമുക്തയാക്കാന്‍ കുറ്റാരോപിതന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം തന്നെ അദ്ദേഹം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ജിയയക്ക് വേണ്ടി അധികം സമയം മാറ്റി വയ്ക്കാന്‍ കഴിഞ്ഞില്ല. കൊലപാതകം ആരോപിക്കുമ്പോള്‍ ജിയ മരിച്ച ദിവസം, അതായത് ജൂണ്‍ 3, 2013 ന് സൂരജ് നടിയെ സന്ദര്‍ശിച്ചതിന് യാതൊരു തെളിവുമില്ല, കോടതി നിരീക്ഷിച്ചു.
2013 ജൂണ്‍ മൂന്നാം തിയ്യതിയാണ് മുംബൈയിലെ വസതിയില്‍ ജിയ ഖാനെ ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയില്‍ ജിയയെ മാതാവും സഹോദരിയും കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു ജിയയുടെ കുടുംബം.
നടി സെറീന വഹാബിന്റെയും നിര്‍മാതാവും സംവിധായകനുമായ ആദിത്യ പഞ്ചോളിയുടെയും മകന്‍ സൂരജ് പഞ്ചോളിയുമായി ജിയ പ്രണയത്തിലായിരുന്നു. പ്രണയത്തകര്‍ച്ച ആത്മഹത്യയിലേക്ക് നയിച്ചുവെന്നായിരുന്നു റാബിയ ഖാന്റെ ആരോപണം. പ്രണയബന്ധത്തിലെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ജിയയുടെ ആത്മഹത്യ കുറിപ്പില്‍ സൂചനകളുണ്ടായിരുന്നു. പ്രേരണാകുറ്റത്തിന് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
2014 ലാണ് ഹൈക്കോടതിയുടെ വിധി പ്രകാരം മുംബൈ പോലീസ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ജിയയുടേതെന്ന് പറയുന്ന ആറ് പേജുകളോളം വരുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരേ കുറ്റം ചുമത്തിയത്. 2021 ല്‍ കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി.
2015-ല്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സൂരജില്‍ നിന്ന് ജിയ ഗര്‍ഭം ധരിച്ചിരുന്നു. കുഞ്ഞിന് നാല് മാസം വളര്‍ച്ചയെത്തിയപ്പോള്‍ കാമുകനോട് ജിയ ഇതെക്കുറിച്ച് തുറന്ന് പറഞ്ഞു. ഗര്‍ഭം അലസിപ്പിച്ചു കളയാനായിരുന്നു സൂരജിന്റെ നിര്‍ദ്ദേശം. ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ജിയ ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു. ഈ അവസരത്തില്‍ സൂരജ് ജിയയെ അവഗണിച്ചു. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ജിയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.