കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ എല്ലാവരും കാണും,ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ: ഹരീഷ് പേരടി
കൊച്ചി: വിവാദ ചിത്രം ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിൽ എത്തുമെന്നും എല്ലാവരും കാണുമെന്നും ഹരീഷ് പേരടി പറഞ്ഞു. ഒരു ജനാധിപത്യ രാഷ്‌ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട് ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെയെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയിൽ എത്തും…എല്ലാവരും കാണും…ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്…സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസ്ക്തമാണ്…”ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ” ഒരു ജനാധിപത്യ രാഷ്‌ടത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ..
വിവാദചിത്രം ദ കേരള സ്റ്റോറിയ്ക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് നടി അദാ ശര്‍മ. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചിത്രത്തിലെ നായികകൂടിയായ അദാ ശര്‍മയുടെ പ്രതികരണം. കേരളത്തിലെ ഒരുപാട് ആളുകളുടെ സന്ദേശം ലഭിക്കുന്നുണ്ടെന്നും ഇങ്ങനെയൊരു സിനിമ ചെയ്യുന്നതില്‍ നന്ദിയുണ്ടെന്നുമാണ് അവര്‍ പറയുന്നതെന്നും അദാ ശര്‍മ പറയുന്നു.
ആദാ ശര്‍മയുടെ വാക്കുകള്‍
എല്ലാവരുടെയും സന്ദേശങ്ങള്‍ക്ക് നന്ദി. ഇത്രമാത്രം പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാവരും സിനിമയ്ക്ക് വേണ്ടി പി.ആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ല. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്. ഒരുപാട് ചോദ്യങ്ങള്‍ എനിക്ക് ഈ സിനിമിയെക്കുറിച്ച് വന്നിട്ടുണ്ട്. അതില്‍ ഏതാനും ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുന്നു. റിയലിസ്റ്റിക് അഭിനയമാണെന്ന് ചിലര്‍ പറയുന്നു. അതിന് പ്രത്യേക നന്ദി.
കേരളത്തിലെ ഒരുപാട് ആളുകളുടെ സന്ദേശം ലഭിക്കുന്നുണ്ട്. സത്യമാണ്, ഇങ്ങനെയൊരു സിനിമ ഉണ്ടാക്കിയതിന് നന്ദിയെന്നാണ് അവര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടെന്നാണ് അവര്‍ പറയുന്നത്. കുറച്ചാളുകള്‍ പ്രൊപ്പഗണ്ട എന്ന് പറയുന്നു. ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരല്ല, തീവ്രവാദത്തിനെതിരേയാണ് സംസാരിക്കുന്നത്. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് പ്രൊപ്പഗണ്ടയല്ല.
തന്റെ കുടുംബ വേരുകള്‍ കേരളത്തില്‍ നിന്നാണെന്നും ആദ ശര്‍മ വെളിപ്പെടുത്തി.എന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. ഞങ്ങള്‍ പാലക്കാട് നിന്നാണ്. എന്റെ അച്ഛന്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. കേരള സ്റ്റോറി തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ എല്ലാ ദിവസവും മുത്തശ്ശിയോട് മലയാളത്തില്‍ സംസാരിക്കുമായിരുന്നു- ആദ ശര്‍മ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. മതമൈത്രി തകര്‍ക്കുന്നു. തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്.
കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്‌ക്കെതിരേ ചെന്നൈയിലെ തമിഴ് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സിനിമയ്‌ക്കെതിരേ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും അദ്ദേഹം പരാതിനല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായുടെ വാദം.