കൊച്ചി:മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ. നടി എവിടെ സംസാരിച്ചാലും പറയാനുള്ളതിൽ മക്കളും മരുമക്കളും മരിച്ച് പോയ ഭർത്താവുമുണ്ടാവും. സിനിമകളിൽ ഇപ്പോൾ സജീവമാണ് മല്ലിക സുകുമാരൻ, സന്തോഷമാണ് നടിയുടെ ഏറ്റവും പുതിയ സിനിമ. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മല്ലിക സുകുമാരൻ.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥിരാജിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിദേശ പഠനം വേണ്ടെന്ന് പൃഥി സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും ഒരു കവിതയുടെ പേരിലുണ്ടായ ചർച്ചകളെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു.
‘അമ്മയില്ലായിരുന്നെങ്കിൽ ഞങ്ങൾ ആരുമാവില്ലായിരുന്നെന്ന് മക്കൾ ഇടയ്ക്ക് പറയും. ഓസ്ട്രേലിയയിൽ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഓറിയന്റേഷന്റെ അവസാന ഘട്ടമെത്തി. എന്തോ അവാർഡൊക്കെ കിട്ടി. നല്ല റാങ്കോടെ പാസായി. തിരിച്ചു വരുന്നതിൽ എല്ലാവർക്കും പ്രയാസമായിരുന്നു’
’35 വയസ് വരെ സമയം തരാമെന്ന് അവിടെ നിന്ന് പറഞ്ഞു. ഇവിടെ വന്ന് ഓരോ പടങ്ങൾ ചെയ്തു. ഞാനുമായിട്ട് ചർച്ചയ്ക്കിരുന്നു. അമ്മേ എന്താണ് ചെയ്യേണ്ടതെന്ന്. ഞാൻ പറഞ്ഞു, നീ ഓസ്ട്രേലിയയിൽ പോയി ഡിഗ്രി എടുത്ത് ഇവിടെ വന്ന് എനിക്ക് സിനിമ മതിയെന്ന് പറഞ്ഞാൽ ഈ പോവുന്ന പോക്ക് മുഴുവൻ വെറുതെയായി പോവും’
‘നിനക്ക് സാമാന്യം വിദ്യാഭ്യാസ യോഗ്യതയുണ്ട്, അച്ഛന്റെ നിർദ്ദേശ പ്രകാരം ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. 35 വയസ്സ് വരെയുണ്ടല്ലോ ഒന്നോ രണ്ട് വർഷം ഇവിടെ നിന്ന് സിനിമ ചെയ്യെന്ന്’
‘ഈ രണ്ട് വർഷം കൊണ്ട് അവൻ ഒരുപാട് പടങ്ങൾ അവിടെയും ഇവിടെയുമായി മുടങ്ങാതെ വന്ന് കൊണ്ടിരുന്നു. തിരിച്ച് വരുമ്പോഴും നിനക്കിതിനേക്കാൾ വലിയ പടങ്ങൾ വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അഭിനയിക്കുമെന്ന് പറഞ്ഞു. എന്നാൽ പേവേണ്ടെന്ന് ഞാനും’
പൃഥിരാജിനെ സംബന്ധിച്ച് പഠിത്തതിന്റെ കുറവുണ്ടെന്ന് തോന്നുന്നില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. നന്നായി വായിക്കുന്നയാളാണ്. എന്ത് ചോദിച്ചാലും ഞങ്ങളൊക്കെ പറയുന്നതിലും നല്ല ഉത്തരങ്ങൾ രാജുവിൽ നിന്ന് കിട്ടും.
അതവന്റെ വായനാ ശീലം കൊണ്ട് തന്നെയാണ്. ഇന്ദ്രനും കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡിഗ്രി ഹോൾഡറാണ്. പൃഥി സ്കൂളിൽ പഠിക്കുമ്പോൾ എഴുതിയ കവിതയെക്കുറിച്ചും മല്ലിക സംസാരിച്ചു.
‘രണ്ട് സഹോദരങ്ങൾ ആത്മഹത്യ ചെയ്യാൻ റെയിൽ വേ ട്രാക്കിലൂടെ പോവുന്നതായിരുന്നു കവിത. പ്രിൻസിപ്പലും രജിസ്ട്രാറും എല്ലാരും കൂടെ വിളിക്കുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടി എന്താണ് ഇങ്ങനെയൊരു സബ്ജക്ട് എഴുതിയിരിക്കുന്നതെന്ന്. ഞാനും സുകുവേട്ടനും കൂടി പോയി’
‘സുകുവേട്ടനറിയാം രാജുവിനെ. എന്തിലും കയറി ചാടുന്നവനാണ്. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം മനസ്സിൽ വന്നു ഞാനെഴുതി അതിലെന്താണ് തെറ്റെന്ന് ചോദിച്ച് അവനങ്ങ് തർക്കിക്കുകയാണ്. അതോടെ അതങ്ങ് തീർന്നു’
‘എന്തോ മാനസിക പ്രശ്നമുണ്ട് ഈ കുഞ്ഞിന് ആത്മഹത്യയെക്കുറിച്ച് എഴുതിയെന്ന് പറഞ്ഞായിരുന്നു അന്നൊരു ചർച്ച. ഒരു പടം കേൾക്കുമ്പോൾ അയ്യോ ഇതെങ്ങനെ ഇരിക്കുമോയെന്തോ എന്ന് നമുക്ക് തോന്നും’
‘നൂറ് ദിവസമോടുന്ന പടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതമ്മേ, നാളെ സംസാര വിഷയമായേക്കാവുന്ന പടങ്ങളിലും നമ്മൾ അഭിനയിക്കണമെന്ന് പറയുന്ന ആളാണ് രാജു,’ മല്ലിക സുകുമാരൻ പറഞ്ഞു.