ചെന്നൈ: ഭര്‍ത്താവിനെ ഗാര്‍ഹികപീഡനത്തിന് ഇരയാക്കുന്ന ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്. വൈദ്യനാഥന്റേതാണ് പരാമര്‍ശം. ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു വിലയിരുത്തല്‍.
വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു.
വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടര്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസിന്റെ പേരില്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയിരുന്നു.
തുടര്‍ന്ന് വിവാഹ മോചനക്കേസില്‍ വിധിയുണ്ടാകുമെന്ന് മനസ്സിലാക്കിയ ഭര്‍ത്താവിനെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കിയതെന്ന് വ്യക്തമാക്കിയതായി കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിച്ച കോടതി ഇയാളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു.
നിസ്സാര കാരണങ്ങളുടെ പേരില്‍ ലംഘിക്കാവുന്ന കരാറല്ല വിവാഹം. അത് വിശുദ്ധമായ ഒന്നാണ്. പുതിയ തലമുറ ഇത് മനസ്സിലാക്കണം. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന 2005-ലെ ഗാര്‍ഹികപീഡന നിയമം നിലവില്‍വന്നതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു.
അഹന്തയും അസഹിഷുണതയും പാദരക്ഷകള്‍ പോലെ വീടിനുപുറത്ത് ഉപേക്ഷിക്കേണ്ടതാണെന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ മനസ്സിലാക്കണമെന്നും അല്ലാതെ വന്നാല്‍ കുട്ടികള്‍ക്കുപോലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.