കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചത് എന്നാണ് വിശദീകരണം.
നവംബര്‍ 25-നാണ് നവകേരള സദസ്. 23-നാണ് കോണ്‍ഗ്രസ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.
23-ന് വൈകിട്ട് 4.30-നാണ് കോണ്‍ഗ്രസ് റാലി നടത്താനിരുന്നത്. 50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്. എല്ലാ മതേതര – ജനാധിപത്യ വിശ്വാസികളേയും റാലിയില്‍ അണിനിരത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരുന്നു.
കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് ലാഭത്തിനുമായി പാലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സി.പി.എമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദികൂടിയാകും കോണ്‍ഗ്രസ് റാലിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ ചെയര്‍മാനും ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്കും കെ.പി.സി.സി. രൂപം നല്‍കിയിരുന്നു. അതിനിടെയാണ് ജില്ലാ ഭരണകൂടം പരിപാടിക്ക് അനുമതി നിഷേധിച്ചത്. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല എന്ന വിമര്‍ശനം സിപിഎം ഉള്‍പ്പടെ ഉയര്‍ത്തുന്നതിനിടെ നടത്തുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.