KeralaNews

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ;മുഖ്യമന്ത്രിക്ക് ആശ്വാസം,ഹർജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ആശ്വാസം. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി.

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത വിധിച്ചു. മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ പക്ഷപാതപരമായ അനുകൂല തീരുമാനമാണെന്ന് കണക്കിലാക്കാന്‍ സാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറയുന്നു.

അഴിമതിയും സ്വജനപക്ഷപാതവും ഇക്കാര്യത്തില്‍ നടന്നുവെന്ന് തെളിവുകളില്ല. അങ്ങനെ നടന്നുവെന്ന് തെളിയിക്കപ്പെട്ടില്ല. അതേസമയം നടപടിക്രമങ്ങളില്‍ പിഴവുണ്ടെന്ന് ലോകായുക്ത വിലയിരുത്തി. മൂന്ന് ലക്ഷത്തിന് മുകളില്‍ ധനസഹായം നല്‍കിയപ്പോള്‍ അതിന് മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ല. മന്ത്രിസഭ അഴിമതി നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ പറയുന്നു.

ഉപലോകായുക്തമാരെ മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും തള്ളി. ലോകായുക്തയുടെ മൂന്നംഗ ഫുള്‍ബെഞ്ചാണ് വിധി പറഞ്ഞത്. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആവശ്യമാണ് ലോകായുക്ത തള്ളിയത്. കോളേജ് പഠനകാലത്ത് സഹപാഠികള്‍ ആയിരുന്ന, വിദ്യാര്‍ത്ഥി സംഘടനയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന, ദുരിതാശ്വാസനിധി അനര്‍ഹമായി കൈപ്പറ്റിയ കേസില്‍ മുഖ്യമായി പരാമര്‍ശിച്ചിട്ടുള്ള മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ പരേതനായ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുകയും അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത രണ്ട് ഉപലോകയുക്തമാര്‍ക്കും നിഷ്പക്ഷമായി വിധിന്യായം നടത്താന്‍ സാധിക്കില്ലെന്നതിനാല്‍ വിധി പറയുന്നതില്‍ നിന്ന് ഇവരെ ഒഴിവാകണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജ്ജിക്കാരനായ ശശികുമാര്‍ ഇടക്കാല ഹജ്ജി നല്‍കിയത്. ഈ ഹര്‍ജി തള്ളിയ ലോകായുക്ത രണ്ടുപേര്‍ക്കും വിധിപറയാമെന്ന് വ്യക്തമാക്കി.

അതേസമയം ലോകായുക്തമാര്‍ സ്വാധീനിക്കപ്പെട്ടുവെന്നും വിധിയില്‍ അത്ഭുതമില്ലെന്നും ഹര്‍ജിക്കാരന്‍ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ശശികുമാര്‍ പറയുന്നു.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 സെപ്റ്റംബറിലാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. 2023 മാര്‍ച്ചില്‍, ലോകയുക്തയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ന്യായാധിപര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം മൂലം ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനം ചോദ്യം ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതിലെ ഭിന്നാഭിപ്രായത്തെത്തുടര്‍ന്നായിരുന്നു ഫുള്‍ ബെഞ്ചിന് വിട്ടത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോലിക്ക് പുറമെ വാഹന വായ്പ, സ്വര്‍ണ്ണ പണയ വായ്പ എന്നിവ തിരിച്ചടക്കുന്നതിന് 8.6 ലക്ഷം രൂപയും, എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ലോകായുക്ത വിധി.

നേരത്തെ രണ്ടംഗ ലോകായുക്ത ബെഞ്ച് പരിഗണിച്ച കേസ് ഭിന്നവിധിയുള്ള സാഹചര്യത്തില്‍ മൂന്നംഗ ഫുള്‍ ബഞ്ചിന് ഹര്‍ജി വിട്ടിരുന്നു. ഈ ബെഞ്ചാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചത്.

അതേസമയം, ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്.

ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്.

അതിനിടെ ഹര്‍ജിയില്‍ വാദം കേട്ട രണ്ട് ഉപലോകയുക്തമാര്‍, ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മകുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായി. ആയതിനാല്‍ അവരില്‍ നിന്നും നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതില്‍ നിന്നും രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകയുക്തയില്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

കേസ് പരിഗണനയില്‍ നില്‍ക്കവെ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദമായിരുന്നു. പി.ആര്‍.ഡി. മാധ്യമങ്ങള്‍ക്ക് നല്‍കിയ ദൃശ്യങ്ങളില്‍ ഇരുവരേയും ഒഴിവാക്കുകയും വാര്‍ത്താക്കുറിപ്പില്‍നിന്ന് ഇവരുടെ പേരുകള്‍ മാറ്റുകയും ചെയ്തിരുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആദ്യം വിഷയം ഉയര്‍ത്തി. പിന്നീട് ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് ഹര്‍ജിക്കാരനും രംഗത്തെത്തിയിരുന്നു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്ത ബാബു മാത്യു പി. ജോസഫ് എന്നിവരുടെ ഔദ്യോഗിക കാലാവധി ജനുവരിയില്‍ അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker