KeralaNews

‘കേരളം കേന്ദ്രത്തിന്റെ അടിമയല്ല’ വി. മുരളീധരന് മറുപടിയുമായി ധനമന്ത്രി

തിരുവനന്തപുരം: കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധം അടിമ-ഉടമ ബന്ധമല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘മുരളീധരന്‍ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ്.

കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഇത് പറയുമ്പോള്‍ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാനുള്ള തുക സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടയുകയാണ്.

ചെറിയ തുക നല്‍കി കേന്ദ്രസര്‍ക്കാര്‍ ബ്രാന്‍ഡിങ് നടത്തുകയാണ്. ഒരു വര്‍ഷം മുപ്പതിനായിരമോ നാല്‍പതിനായിരമോ കോടി രൂപ സംസ്ഥാനത്തിന് കുറവുവന്നാല്‍ അത് മന്ത്രിസഭയിലെ ഏതാനും അംഗങ്ങളുടെയോ സര്‍ക്കാര്‍ ജീവനക്കാരുടെയോ പ്രശ്‌നമല്ല, കേരളത്തിലെ മൂന്നുകോടിയിലധികമുള്ള ജനങ്ങളെ ഇത് ബാധിക്കും. കേരളത്തിലെ ഓരോര്‍ത്തര്‍ക്കും കിട്ടേണ്ട തുകയാണിത്. സംസ്ഥാനത്തിന് അര്‍ഹമായ തുക കിട്ടണം’- മന്ത്രി പറഞ്ഞു.

കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് നേരത്തെ വി. മുരളീധരന്‍ പറഞ്ഞിരുന്നു. സാമൂഹ്യസുരക്ഷാ പെന്‍ഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവന്‍ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു.

604.14 കോടിയാണ് വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിവയ്ക്കായി കേരളത്തിന് നല്‍കിയതെന്നും രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഏഴാം ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിക ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥതകൊണ്ട് കേരള സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി 2022 മാര്‍ച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്‌മെന്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker