തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം തേടി പ്രതി റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ജെസ്മി. ഈ കുട്ടിയെ കല്യാണം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യുമെന്ന് സിസ്റ്റര്‍ ചോദിക്കുന്നു.
സുപ്രീം കോടതി വിവേകപൂര്‍വം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. റോബിന്‍ രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും സിസ്റ്റര്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സിസ്റ്ററുടെ പ്രതികരണം.
‘റോബിന് ഈ ബന്ധം മാത്രമായിരുന്നില്ലെന്ന് ചികഞ്ഞുനോക്കിയാല്‍ മനസിലാകും. ഈ കുട്ടിയെ വിവാഹം കഴിച്ചിട്ട്, ഇതിനുമുന്‍പുള്ള കുട്ടികളൊക്കെ ഞങ്ങളെയും കല്യാണം കഴിക്കണമെന്ന് പറഞ്ഞുവന്നാല്‍ ഇദ്ദേഹം എന്ത് ചെയ്യും. എന്തായാലും കത്തോലിക്കാ സഭയുടെ എല്ലാ രൂപതകള്‍ക്കും ഇപ്പോള്‍ ക്രിസ്ത്യാനി കുട്ടികളെയാണ് ആവശ്യം. ഈയൊരു കുട്ടി ഓള്‍റെഡി ഒരു ബോണസ് കിട്ടിയിട്ടുണ്ട്. അതിനെ ക്രിസ്ത്യാനിയായി വളര്‍ത്തിയിട്ട്, പിന്നെ കുറേ കുട്ടികളെ പ്രസവിക്കട്ടെ, നാലും അഞ്ചും ആറുമൊക്കെ…ഞാന്‍ ഇതെല്ലാം സരസമായി കാണുന്നത് ദു:ഖം കൊണ്ടാണ്. സര്‍ക്കാസ്റ്റിക്കായിട്ടാണ് കാണുന്നത്.
കാരണം ഇതുപോലെ എല്ലാ ഇരകളും പുറത്തിറങ്ങാനായി പറഞ്ഞാല്‍…ഇതൊക്കെ നമ്മള്‍ കണ്ടിട്ടുള്ളയാണ്. ഈ വക കുരുട്ടു ബുദ്ധിയൊക്കെയാണ് ഇവരുടെ തലയില്‍. ആ കുട്ടിയുടെ ജീവന് തന്നെ സംരക്ഷണം കിട്ടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അച്ഛന് രക്ഷപ്പെടണമെന്ന ഒറ്റമോഹം കൊണ്ടാണ് ഇത് ചെയ്യുന്നത്.’-സിസ്റ്റര്‍ ജസ്മി പറഞ്ഞു.
റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു.