29 C
Kottayam
Saturday, April 27, 2024

ഇസ്രയേൽ പ്രധാനമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, കത്തിനൊപ്പം ഒരു വെടിയുണ്ടയും

Must read

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്നറ്റ് നഫ്താലിയ്ക്കും കുടുംബത്തിനും വധഭീഷണി. പ്രധാനമന്ത്രിയുടെ ഭാര്യ മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ വിലാസത്തിലാണ് ഭീഷണികത്ത് അയച്ചിരിക്കുന്നത്. കത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രധാനമന്ത്രിയെയും കുടുംബത്തിനെയും വകവരുത്തുമെന്നാണ് ഭീഷണി. കത്തിനൊപ്പം ഒരു വെടിയുണ്ടയും അയച്ചിട്ടുണ്ട്. സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കാൻ വേണ്ടിയാകും വെടിയുണ്ടയും കൂടി ചേർത്ത് അയച്ചതെന്ന് ബെന്നറ്റ് നഫ്താലിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നു.

സംഭവത്തെതുടർന്ന് ബെന്നറ്റ് നഫ്താലിക്കും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിലെ ഉയർന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തെകുറിച്ച് പ്രതികരിച്ച് നഫ്താലി രാഷ്ട്രീയ വ്യത്യാസങ്ങൾ ഒരു കാരണവശാലും അക്രമങ്ങളിലേക്കോ രക്തച്ചൊരിച്ചിലുകളിലേക്കോ കടക്കരുതെന്നും അതിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് വേണ്ടതെന്നും ട്വിറ്ററിൽ കുറിച്ചു.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഏതാനും മാസങ്ങൾക്കുള്ളിൽ ഇസ്രയേൽ സന്ദർശിച്ചേക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡൻ ഇസ്രയേൽ സന്ദർശിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇരുനേതാക്കളും ഫോണിൽ ദീർഘനേരം സംസാരിക്കുകയും ജറുസലേമിൽ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങൾക്ക് അറുതിവരുത്തേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week