:ഇസ്രായേലിൽ വെടിനിർത്തലില്ലെന്ന് ഇസ്രായേൽ പട്ടാള വക്താവ്. നേരത്തെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഇന്ധനമടക്കമുള്ളവ പൂർണമായും തടയുമെന്നും പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് മിലിട്ടറി വക്താവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.
ലബനണിൽ നിന്ന് പുതിയ യുദ്ധമുഖം തുറക്കാൻ ഇറാന്റെ പിന്തുണയുള്ള ഹിസ്ബൊള്ള ശ്രമിക്കുകയാണെങ്കില്‍ അത് ആ രാജ്യത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരിക്കുമെന്നും ബഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇതുവരെ 10,300 പേർ മരിച്ചുവെന്നാണ് കണക്ക്.
വടക്കൻ ഗാസയിൽ ഹമാസിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. അമ്പതിനായിരത്തോളം ഗാസക്കാർ വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നത് തങ്ങൾ കണ്ടെന്ന് പട്ടാളവക്താവായ ഡാനിയൽ ഹഗാരി പറഞ്ഞു.
അതിനിടെ ഇസ്രായേൽ രാസായുധ ആക്രമണങ്ങളുടെ ഫലമായും, ശുദ്ധജലത്തിന്റെ അഭാവം മൂലവും മറ്റും ഗാസയിൽ രോഗങ്ങൾ പടരുന്നത് വലിയ മാനുഷികപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന പ്രസ്താവിച്ചു. വലിയ തോതില്‍ ആളുകൾ കൂട്ടംചേരുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നു.