അഷ്ടമുടി കായലില്‍ പുതിയ തുരുത്തുകള്‍ രൂപപ്പെടുന്നു; സുനാമിക്ക് ശേഷമുള്ള മാറ്റമെന്ന് പഠനം

കൊല്ലം: അഷ്ടമുടി കായലില്‍ പുതിയ തുരുത്തുകള്‍ രൂപപ്പെടുന്നതായി കണ്ടെത്തി. സാമ്പ്രാണിക്കോടിക്കു സമീപം 15 സെന്റ് സ്ഥലത്തിന്റെ വിസ്തൃതിയില്‍ തുരുത്തു രൂപപ്പെട്ടതായാണ് കണ്ടെത്തിയത്. ഇതുകൂടാതെ ചവറ തെക്കും ഭാഗത്ത് 2 തുരുത്തുകള്‍ രൂപപ്പെട്ടു. കേരള സര്‍വകലാശാല സുവോളജി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍.

സാമ്പ്രാണിക്കോടിയില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി കണ്ടെത്തിയിരിക്കുന്ന തുരുത്തില്‍ വൃക്ഷങ്ങളും കാട്ടുചെടികളും വളര്‍ന്നു നില്‍ക്കുകയാണ്. 20 ഇനം പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഞണ്ടുകളുടെ ആവാസ കേന്ദ്രം കൂടിയാണിത് എന്നാണ് കരുതപ്പെടുന്നത്. ചവറ തെക്കുംഭാഗത്തെ തുരുത്തുകളില്‍ കുറ്റിച്ചെടികള്‍ വളരുന്നുണ്ട്.

സൂനാമിക്കു ശേഷമാണ് അഷ്ടമുടി കായലിനു മാറ്റം ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. പലയിടത്തും കായലിന്റെ ആഴം കുറഞ്ഞു. കായലിന്റെ ചില ഭാഗങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചിലയിടത്തു അടിത്തട്ട് താഴ്ന്നു. ഭൂമിക്കടിയിലെ മാറ്റങ്ങള്‍ കൊണ്ടാണിതെന്നും, തുരുത്തു രൂപപ്പെടുന്നതും സൂനാമിയുടെ ഫലമാണെന്ന് കേരള സര്‍വകലാശാല സുവോളജി വിഭാഗം അധ്യാപകന്‍ ഡോ. സൈനുദ്ധിന്‍ പട്ടാഴി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News