കൊച്ചി; ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളം, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ യുവാക്കളുടെ മൊഴികളിൽ സമാനത. മൂന്നു സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ പ്രാദേശിക ഘടകമാണെന്നാണ് (മൊഡ്യൂൾ) എല്ലാവരും മൊഴി നൽകിയത്. എന്നാൽ ഇവർക്കു നേരിട്ടു രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുള്ളതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.
ബെംഗളൂരുവിൽ അറസ്റ്റിലായ ക്രിമിനൽ പാശ്ചാത്തലമുള്ള 5 യുവാക്കളും അൽഖായിദയുടെ സൗത്ത് ഇന്ത്യൻ കമാൻഡർ എന്നറിയപ്പെട്ടിരുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീറിനെ ജയിലിനുള്ളിൽ പരിചയപ്പെട്ട ശേഷമാണു ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞതെന്നു കർണാടക ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
എന്നാൽ അലിഗഡിൽ അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശി ഫൈസാൻ അൻസാരി (19), തമിഴ്നാടിലെ സത്യമംഗലം കാട്ടിൽ അറസ്റ്റിലായ ആഷിഫ് എന്നിവർ കൂടുതലായി ബന്ധപ്പെട്ടതു നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിട്ടാണ്. ഇക്കാര്യം മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണോ ഇവർ ഐഎസ് മൊഡ്യൂളിന്റെ ഭാഗമാണെന്ന് രഹസ്യ സൈബർ കൂട്ടായ്മകളിൽ നടിച്ചതെന്നാണ് എൻഐഎ പരിശോധിക്കുന്നത്.
പ്രാദേശികമായ കൊള്ളകൾ നടത്തി ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താൻ രാജ്യാന്തര ഭീകര സംഘടനകൾ നിർദേശിക്കാറില്ല. പകരം കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുകൾ നൽകി നർകോട്ടിക് ഭീകരപ്രവർത്തനം നടത്തുകയാണ് അവയുടെ രീതി.
രാജ്യാതിർത്തികളിൽ വൻതോതിൽ ലഹരിമരുന്നുകൾ പിടിക്കാൻ തുടങ്ങിയതോടെ രാജ്യാന്തര ഭീകരസംഘടനകളുടെ പ്രവർത്തന രീതിക്ക് എന്തെങ്കിലും മാറ്റം സമീപകാലത്തു വന്നിട്ടുണ്ടോയെന്നും രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.