കൊച്ചി:താൻ അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ പിന്നീടങ്ങോട്ട് സിനിമയിലും പ്രേക്ഷകർക്കിടയിലും അറിയപ്പെടാൻ ഭാഗ്യം ലഭിച്ച അപൂർവം ചില കലാകാരന്മാരിൽ ഒരാളാണ് മണിയൻ പിള്ള രാജു.
അറുപത്തിയേഴുകാരനായ മണിയൻപിള്ള രാജു ഒരു കാലത്ത് എല്ലാ മലയാള സിനിമയിലും ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. മണിയൻപിള്ള രാജു ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ളത് സഹനടൻ വേഷങ്ങളിലാണ്. ഇന്ന് നടൻ എന്നതിലുരി നിർമാതാവ് കൂടിയാണ് താരം.
അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ ഏറ്റവും പുതിയതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയുമാണ്. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായിക. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
തന്റെ സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽ ഒരിക്കലും ആരോടും വേർതിരിവ് കാണിച്ചിട്ടിലെന്നും താൻ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്നിട്ടുള്ളത് കൊണ്ട് മനപൂർവം ചില തീരുമാനങ്ങൾ എടുത്തിരുന്നുവെന്നുമാണ് മണിയൻ പിള്ള രാജു പറയുന്നത്.
‘സിനിമയിൽ എന്റെ നാൽപ്പത്തിയെട്ടാമത്തെ വർഷമാണ്. മോഹൻലാലിനെ വെച്ച് അഞ്ച് സിനിമയെടുത്തിട്ടുണ്ട്. പൃഥ്വിരാജിനെ വെച്ചും സിനിമ എടുത്തിട്ടുണ്ട്. ഒരിക്കലെങ്കിലും പ്രൊഡ്യൂസറിനെ വിളിക്കുകയോ പ്രൊഡ്യൂസർ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യാത്തയാളാണ് ആസിഫ് അലി.’
‘വർക്കിന് വന്ന് കഴിഞ്ഞാൽ ആസിഫിന്റെ നൂറ് ശതമാനം കോൺസൻട്രേഷൻ വർക്കിൽ തന്നെയാണ്. അല്ലാതെ സെറ്റിൽ മൊബൈലുമായി നടക്കുകയോ വിളിക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ ആരുടെ ഫോൺ വന്നാലും എടുക്കാറുമില്ല. ആരേയും ആസിഫ് വർക്കിനിടയിൽ വിളിക്കാറുമില്ല.’
‘എപ്പോഴും ഞാൻ ഇങ്ങനെ ആലോചിക്കാറുണ്ട്. ആരുമായും അങ്ങനൊരു സംഭാഷണമില്ലാത്തയാൾ വലിയ പൊസിഷനിൽ എത്തിയില്ലേയെന്ന്. ഇപ്പോഴും ഫോൺ വിളിച്ചാൽ ആസിഫ് എടുക്കാറില്ല. ആദ്യം ഞാൻ കരുതി ആസിഫ് എന്റെ കോളുകൾ മാത്രമാണ് എടുക്കാത്തതെന്ന്.’
‘എന്നാൽ അങ്ങനെയല്ല മോഹൻലാൽ വിളിച്ചാലും മമ്മൂട്ടി വിളിച്ചാലും ഫോൺ എടുക്കാറില്ല. സെറ്റിൽ വെച്ച് ഫോൺ തൊടാറില്ല. ആസിഫ് അലി ഫോൺ ഉപയോഗിക്കുന്ന ഒരു സ്റ്റില്ല് പോലും ഉണ്ടാകില്ല. എന്നെപ്പോലെ തന്നെയാണ് ഞാൻ മറ്റുള്ളവരേയും കാണുന്നത്. വിശപ്പ് ഒരു വലിയ ഘടകമാണ്. നല്ല ഫുഡ് വലിയൊരു ഘടകമാണ്.’
‘ഞാൻ സിനിമയിൽ വന്നകാലത്ത് സിനിമയിൽ ഫുഡിന് ഒരു ഡിസ്ക്രിമിനേഷൻ ഉള്ള കാലഘട്ടമായിരുന്നു. നസീർ സാറിനെപ്പോലുള്ളവർക്ക് അന്ന് ചിക്കൻ കൊടുക്കും. എന്നെപ്പോലുള്ളവർക്ക് ചാളക്കറിയോ മറ്റോ ആയിരിക്കും. യൂണിറ്റുകാർക്ക് തൈര് സാധമോ വല്ലതും ആയിരിക്കും. അത് അവർ താഴെ ഇരുന്നാണ് കഴക്കുക.’
‘അത് കാണുന്നത് ഏറ്റവും വലിയ സങ്കടമാണ്. ഇലയിൽ പൊതിഞ്ഞാണ് അവർക്ക് ഇത് കൊടുക്കുന്നത്. അത് കണ്ടശേഷം ഞാൻ തീരുമാനിച്ചിരുന്നു ഞാൻ ഏതെങ്കിലും കാലത്ത് സിനിമ എടുക്കുകയാണെങ്കിൽ ഹീറോ കഴിക്കുന്ന ഫുഡ് തന്നെ യൂണിറ്റിലെ എല്ലാവർക്കും കഴിക്കാൻ കൊടുക്കണമെന്ന്.’
‘അതാണ് എന്നിലുണ്ടാക്കിയ ഒരു റവല്യൂഷൻ. ഇപ്പോഴും സെറ്റിൽ ആസിഫ് അലി ഒരു ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് തന്നെ യൂണിറ്റിലെ എല്ലാവർക്കും കൊടുക്കും. മറ്റേത് നാണക്കേടല്ലേ… ഒരാളുടെ മുമ്പിൽ കൂടി മറ്റൊരാൾക്ക് ജ്യൂസ് കൊണ്ടുകൊടുക്കുന്നത്. അതൊക്കെ ഒരു ഇൻസൾട്ടിങാണ്. എല്ലാവർക്കും ഒരേ ഭക്ഷണം കൊടുക്കാതെ അതിൽ പിടിച്ച് വെക്കുന്ന എച്ചി പൈസ കൊണ്ട് കാര്യമില്ല. അതുകൊണ്ട് നേട്ടവും ഉണ്ടാകില്ല.’
‘എല്ലാവർക്കും ഒരേ ഭക്ഷണം കൊടുത്തതിന്റെ പേരിൽ വലിയ നഷ്ടവും വരില്ല. എന്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും കൃത്യമായി പൈസ കൊടുക്കണം, എല്ലാവർക്കും നല്ല റൂം കൊടുക്കണം എന്നീ കാര്യങ്ങളെല്ലാം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവിടേയും വേർതിരിവ് കാണിക്കാറില്ല’ മണിയൻ പിള്ള രാജു പറഞ്ഞു.