ടെഹ്റാൻ: മിഡിൽ ഈസ്റ്റിലേക്ക് സൈനികനീക്കം നടത്തുന്നതായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും. കൈവശമുള്ളതെല്ലാം ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകി.
യുഎസിന്റെ സൈനിക സന്നാഹങ്ങളെ നേരിട്ടുള്ള ഭീഷണിയായി ടെഹ്റാൻ കാണുന്നു. ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കും. തങ്ങളുടെ കൈവശമുള്ളതെല്ലാം ഉപയോഗിക്കുമെന്നും ഇറാൻ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'തങ്ങൾക്കെതിരായി നടത്തുന്ന ചെറു ആക്രമണം, അല്ലെങ്കിൽ സർജിക്കൽ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണം, ഇത് പൂർണ്ണതോതിലുള്ള യുദ്ധമായി കണക്കാക്കും. ശക്തമായിത്തന്നെ ഇറാൻ പ്രതികരിക്കും'- ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പറഞ്ഞത്. ഇതിന് വിരുദ്ധമായ നീക്കമായിരുന്നു ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഭരണകൂടത്തിനെതിരായ പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകുന്നത് ഇറാൻ നിർത്തിയതായി അറിയിച്ചതിനെ തുടർന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സൈനിക നീക്കം നടത്തുന്നതായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.


