അമ്മയുടെ അമിത വാത്സല്യം, ദമ്പതികൾക്ക് സ്വകാര്യത നൽകിയില്ല, ഗ്രീമ സജിതയുടെ നിയന്ത്രണത്തിലെന്ന് പ്രതിയുടെ സഹോദരൻ

ദാമ്പത്യം തകരാൻ കാരണം അമ്മയുടെ അമിത വാത്സല്യം, ഗ്രീമ സജിതയുടെ നിയന്ത്രണത്തിലെന്ന് പ്രതിയുടെ സഹോദരൻ

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം രംഗത്ത്. അറസ്റ്റിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ചന്തു പറഞ്ഞു. ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാർഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമെന്നും സഹോദരൻ ആരോപിക്കുന്നു.

അമ്മ സജിതയുടെ മകളോടുള്ള അമിത സ്‌നേഹമാണ് ഉണ്ണിക്കൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് ചന്തു പറഞ്ഞു. ഗ്രീമയോടുള്ള അമ്മയുടെ അമിതവാത്സല്യമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഉണ്ണിക്കൃഷ്ണനും ഗ്രീമക്കും ഒരു സ്വകാര്യതയും സജിത നൽകിയിരുന്നില്ല. സജിതയുടെ നിയന്ത്രണത്തിലാണ് ഗ്രീമ ജീവിച്ചിരുന്നത്. ഹണിമൂൺ ട്രിപ്പിനിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി. ഗ്രീമയെ അയർലന്റിലേക്ക് കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചെങ്കിലും സജിത സമ്മതിച്ചിരുന്നില്ല. ഫോൺ വിളിച്ചാൽ പോലും സ്പീക്കർ ഓൺ ചെയ്തു

സജിത സംസാരിക്കും. ഇതിനെ തുടർന്ന് രണ്ട് തവണ കൗൺസിലിങ് നടത്തിയെങ്കിലും പരാജയപ്പെട്ടു. തർക്കം ഉണ്ടാകുമ്പോൾ സജിത ആത്മഹത്യ ഭീഷണി മുഴക്കുമെന്നും ഭീഷണി മൂലമാണ് ബന്ധം പിരിയുക എന്ന തീരുമാനത്തിലെത്താൻ വൈകിയതെന്നും ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ പറയുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് പുറത്ത് അറിയുന്നത് വലിയ അഭിമാനതകർച്ചയായി സജിത കണ്ടുവെന്നും ഇയാൾ കൂട്ടിച്ചേർത്തു.

മരിച്ച ഗ്രീമയുടെ ഭർത്താവ് അമ്പലത്തറ പഴഞ്ചിറ സ്വദേശി ബി.എം. ഉണ്ണികൃഷ്ണനെ കഴിഞ്ഞ ദിവസം മുംബൈയിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ വിമാനത്താവളത്തിൽവെച്ച് പൂന്തുറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് പൂന്തുറ പോലീസ് കേസെടുത്തിരുന്നു.

കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്.എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഗ്രീമയുടെ ഭർത്താവാണെന്ന കുറിപ്പെഴുതിവെച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിന്റെ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News