ടെൽഅവീവ്: ഗാസയില്‍ ബോംബിങ്ങ് തുടര്‍ന്നാല്‍ പുതിയ യുദ്ധമുഖങ്ങള്‍ക്ക് സാധ്യതയെന്ന് ഇറാന്‍. ലെബനനില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയൻ്റേതാണ് പ്രതികരണം. ലെബനൻ്റെ തെക്കന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ഹിസ്‌ബൊള്ള ഗ്രൂപ്പ് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. നേരത്തെ ഹിസ്‌ബൊള്ളയോടും ഇറാനോടും യുദ്ധത്തിന്റെ ഭാഗമാകരുതെന്ന മുന്നറിയിപ്പ് അമേരിക്ക നല്‍കിയിരുന്നു.
ഇതിനിടെ ലെബനന്‍ അതിര്‍ത്തിയിലും യുദ്ധഭീതി പടരുന്നു. ഇവിടെ ഹിസ്‌ബൊള്ളയും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലെബനന്‍ അതിര്‍ത്തിയിലെ ഹിസ്‌ബൊള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി. യുദ്ധഭീതിയെ തുടര്‍ന്ന് ലെബനന്‍ അതിര്‍ത്തിയില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് നടത്തിയ തീര്‍ത്തും പൈശാചികമായ ആക്രമണത്തിന് ശേഷം അമേരിക്ക ഇസ്രയേലിനൊപ്പമെന്നാണ് ബൈഡന്‍ എക്‌സില്‍ കുറിച്ചത്. ഇസ്രയേലിന്റെ ദേശീയ പതാകയെ ഓര്‍മ്മിപ്പിക്കുന്ന നീലയും വെള്ളയും നിറങ്ങളില്‍ വൈദ്യുതാലങ്കാരം നടത്തിയിരിക്കുന്ന വൈറ്റ്ഹൗസിന്റെ ചിത്രം കൂടി പങ്കുവച്ചാണ് ബൈഡന്‍ എക്‌സില്‍ ഇസ്രയേലിനുള്ള പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെയും വൈറ്റ് ഹൗസ് രംഗത്ത് വന്നിരുന്നു. ട്രംപിന്റെ പ്രസ്താവന ഭീതിതമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഹിസ്ബുള്ള മിടുക്കരെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.
The United States stands with Israel in the aftermath of the acts of sheer evil perpetrated by Hamas. pic.twitter.com/xoQyKRqzEL
— Joe Biden (@JoeBiden) October 13, 2023
ഇസ്രയേലിന് അമേരിക്ക കൂടുതല്‍ സൈനിക സഹായം നല്‍കും. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇസ്രയേലിലെത്തും. ഇസ്രയേലുമായി ഓസ്റ്റിന്‍ നടത്തുന്ന ചര്‍ച്ചയില്‍ യുദ്ധോപകരണങ്ങള്‍ നല്‍കുന്നതില്‍ തീരുമാനമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം ഇസ്രയേലി പ്രധാനമന്ത്രി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രയേലില്‍ നിന്നും ഇന്നുമുതല്‍ അമേരിക്ക പൗരന്മാരെ ഒഴിപ്പിക്കും. ഇന്നുമുതല്‍ പ്രത്യേക വിമാനം അയയ്ക്കും. 27 അമേരിക്കന്‍ പൗരന്മാര്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേലിന് സൈനിക സഹായവുമായി ബ്രിട്ടനും രംഗത്തെത്തി. കിഴക്കന്‍ മെഡിറ്റേറിയന്‍ കടലിലേയ്ക്ക് ബ്രിട്ടന്‍ യുദ്ധക്കപ്പലുകള്‍ അയച്ചു. പോര്‍വിമാനങ്ങള്‍ ഇന്ന് അയയ്ക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയും ഇസ്രയേലിലേയ്ക്ക് തിരിക്കും.
വിദേശത്തുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കായികതാരങ്ങളും കൊല്ലപ്പെട്ടു. ഫുട്‌ബോള്‍ താരം ലിയോര്‍ അസുലിന്‍, അന്താരാഷ്ട്ര നീന്തല്‍ താരം ഏദന്‍ നിമ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രയല്‍ സോക്കര്‍ ലീഗും മാറ്റിവെച്ചിട്ടുണ്ട്. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു. കൊല്ലപ്പെട്ടവരില്‍ 222 പേര്‍ സൈനികരാണ്.
ഇസ്രയേലിലെ അടിയന്തര ദേശീയ ഐക്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹമാസിനെ ഇല്ലാതാക്കുമെന്ന് ദേശീയ ഐക്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജന്മനാടിന് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഐഎസ് പോലെയാണ് ഹമാസുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇതിനിടെ അടിയന്തര ദേശീയ ഐക്യസര്‍ക്കാരിന്റെ ഭാഗമാകാത്ത പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് നെതന്യാഹു സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. നെതന്യാഹു സര്‍ക്കാരിന് പൊറുക്കാനാവാത്ത തെറ്റ് പറ്റിയെന്നായിരുന്നു ലാപിഡിന്റെ വിമര്‍ശനം. യുദ്ധത്തില്‍ സര്‍ക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കുമെന്നും ലാപിഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ ഹമാസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ പ്രതികരണം. തെക്കന്‍ ഇസ്രയേലില്‍ ഹമാസും ശക്തമായ റോക്കറ്റ് ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണില്‍ ഹമാസ് റോക്കറ്റ് വര്‍ഷിച്ചു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു.
അവസാന ഒരു മണിക്കൂറില്‍ ഇസ്രയേല്‍ 30 ഇടത്ത് ബോംബാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫ അതിര്‍ത്തിയിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. മാനുഷിക ഇടനാഴി തുറക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനിടെയാണ് റഫയില്‍ ശക്തമായ ആക്രമണം ഇസ്രയേല്‍ നടത്തിയിരിക്കുന്നത്.
ഈജിപ്തില്‍ നിന്ന് മാനുഷിക ഇടനാഴി തുറക്കാനാണ് യുഎന്‍ ശ്രമം. ഗാസയില്‍ ഭക്ഷണവും വെള്ളവും എത്തിക്കണമെന്ന് യുഎന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാതെ അവശ്യസാധനങ്ങള്‍ നല്‍കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇതിനിടെ ബന്ദികളുടെ മോചനം അനിശ്ചിതമായി നീളുകയാണ്. 150ലേറെ അഭയാര്‍ത്ഥികള്‍ ഭൂഗര്‍ഭ അറകളിലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.