29.5 C
Kottayam
Tuesday, April 30, 2024

സന്തോഷ് ട്രോഫിയില്‍ ജയംതുടര്‍ന്ന് കേരളം,കാശ്മീരിനെ തകര്‍ത്തു

Must read

ബെനോലിം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളം ഉജ്ജ്വല വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് കേരളം പരാജയപ്പെടുത്തി. കേരളത്തിനായി ജിതിന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന്‍ അലി എന്നിവരും വലകുലുക്കി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് കേരളം ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. ജമ്മു കശ്മീര്‍ പ്രതിരോധം ഒരുങ്ങി വരുമ്പോഴേക്കും കേരളം ആദ്യ ഗോള്‍ നേടിക്കഴിഞ്ഞിരുന്നു. എട്ടാം മിനിറ്റില്‍ തന്നെ കേരളം മത്സരത്തില്‍ ലീഡെടുത്തു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. ഇതോടെ ജമ്മു കശ്മീര്‍ പതറി. തൊട്ടുപിന്നാലെയെത്തി കേരളത്തിന്റെ വക അടുത്ത പ്രഹരം. ഇത്തവണ സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. മികച്ച ഒരു ഹെഡ്ഡറിലൂടെ 13-ാം മിനിറ്റിലാണ് താരം ലക്ഷ്യം കണ്ടത്. ഇതോടെ മത്സരത്തില്‍ കേരളം വ്യക്തമായ ആധിപത്യം പുലര്‍ത്തി.

ആദ്യ പകുതിയില്‍ ജമ്മു കശ്മീരില്‍ നിന്ന് കാര്യമായ വെല്ലുവിളികളൊന്നും തന്നെ കേരളത്തിന് നേരിടേണ്ടി വന്നില്ല. തുടര്‍ച്ചയായി ആക്രമിച്ചുകളിച്ച് കേരളതാരങ്ങള്‍ ജമ്മു കശ്മീര്‍ ഗോള്‍മുഖം വിറപ്പിച്ചു. ഒടുവില്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മുഹമ്മദ് ആഷിഖിലൂടെ കേരളം മൂന്നാം ഗോളടിച്ചു. പന്തുമായി മുന്നേറിയ ആഷിഖ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ 3-0 ന് മുന്നിലെത്തി കേരളം മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതിയിലും കേരളം ആക്രമണഫുട്‌ബോള്‍ തന്നെയാണ് കാഴ്ചവെച്ചത്. 54-ാം മിനിറ്റില്‍ ജിതിനിലൂടെ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി. മത്സരത്തിലെ ജിതിന്റെ രണ്ടാം ഗോളായിരുന്നു ഇത്. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയ ജമ്മു കശ്മീര്‍ 60-ാം മിനിറ്റില്‍ ഫൈസലിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ടൂര്‍ണമെന്റില്‍ കേരളം വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. എന്നാല്‍ അവരുടെ സന്തോഷത്തിന് വെറും ആറ് മിനിറ്റ് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്.

66-ാം മിനിറ്റില്‍ അബ്ദു റഹീമിലൂടെ കേരളം അഞ്ചാം ഗോളടിച്ച് തിരിച്ചടിച്ചു. 75-ാം മിനിറ്റില്‍ റിസ്വാന്‍ അലി കേരളത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ ഗ്രൂപ്പ് എയില്‍ കേരളം ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week