ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി ഇറാൻ പാർലമെന്റ്. ഇറാന്റെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും യുഎസ്, ഇസ്രയേൽ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് പാർലമെന്റ് സുരക്ഷാ സമിതി അംഗീകാരം നൽകി. ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിൽ പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരുക്കുന്ന സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം.
ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നാണ് സൂചന. ഇറാനിയൻ സ്റ്റേറ്റ് മീഡിയയായ IRIB റിപ്പോർട്ട് അനുസരിച്ച്, ഭാവിയിൽ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാന്റെ ഔദ്യോഗിക കറൻസിയായ 'റിയാൽ' (Rial) അടിസ്ഥാനമാക്കി ടോൾ നൽകേണ്ടിവരും. ഹോർമുസ് കടലിടുക്കിന് മേലുള്ള പരമാധികാര നിയന്ത്രണം വീണ്ടും ഉറപ്പിക്കാനാണ് ഇറാൻ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്.
നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ കടലിടുക്കിന് മേൽ നിയന്ത്രണം സ്ഥാപിക്കുന്നത് ഒരു ശക്തിപ്രകടനമായും കണക്കാക്കപ്പെടുന്നുണ്ട്. കടലിടുക്കിലെ സമുദ്ര സുരക്ഷ, കപ്പലുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, യാത്രാ നിയന്ത്രണങ്ങൾക്കായുള്ള സാമ്പത്തിക സംവിധാനങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് നിർമ്മിക്കാനും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.
ഈ നീക്കത്തിനെതിരെ യുഎസ് ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. സമുദ്രയാത്രകളിലെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സൈനികമായ ഇടപെടലുകൾ നടത്തുമെന്നാണ് അവരുടെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക ഉദ്ദേശിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രസ്താവിച്ചു.
'വിപണിയിൽ ആവശ്യത്തിന് എണ്ണവിതരണം നടക്കുന്നുണ്ട്. മാത്രമല്ല, നിലവിൽ രാജ്യങ്ങൾ ഇറാൻ ഭരണകൂടവുമായി കരാറുകളിൽ ഏർപ്പെടുന്നതിനാൽ ദിവസേന കൂടുതൽ കൂടുതൽ കപ്പലുകൾ ആ പാത വഴി കടന്നുപോകുന്നത് ഞങ്ങൾ കാണുന്നുണ്ട്. അധികം വൈകാതെ അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കും. അവിടെ കപ്പലുകൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാകും; അത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സുരക്ഷാ അകമ്പടിയോടെയോ അല്ലെങ്കിൽ വിവിധ രാജ്യങ്ങളുടെ സംയുക്ത സുരക്ഷാ അകമ്പടിയോടെയോ ആയിരിക്കും.' അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ എണ്ണക്കിണറുകളും ഇലക്ട്രിക് പ്ലാന്റുകളും ഖാർഗ് ഐലൻഡും ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസ്സുകൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ ഭീഷണി.
'കാര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ, എന്തെങ്കിലും കാരണംപറഞ്ഞ് ഇറാൻ അധികം വൈകാതെ ഒരു കരാറിൽ എത്താൻ തയ്യാറായില്ലെങ്കിൽ, മിക്കവാറും അത് ഉടൻ സംഭവിക്കും, അല്ലാത്തപക്ഷം കാര്യങ്ങൾ വഷളാകും. ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുനൽകണം, അല്ലെങ്കിൽ ഇറാനിലെ ഇപ്പോഴത്തെ 'മനോഹരമായ' താമസം അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങും. ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ഐലൻഡും ബോംബുവെച്ച് തകർക്കും, അവിടം പൂർണമായും ഇല്ലാതാക്കിയ ശേഷമായിരിക്കും ഞങ്ങളുടെ മടക്കം.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


