ടെഹ്‌റാന്‍: ടെഹ്റാനില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനുമെതിരെ ഇറാന്‍ കടുത്ത വധഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയില്‍ യു.എസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക-യൂദ്ധ പ്രതിസന്ധി അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ട്രംപിനെയും കുടുംബാംഗങ്ങളെയും അമേരിക്കന്‍ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികള്‍ക്ക് മുകളിലായി ചിത്രീകരിക്കുന്ന ഭീമാകാരമായ പുതിയ ബാനറാണ് മധ്യ ടെഹ്‌റാനില്‍ പ്രത്യക്ഷപ്പെട്ടത്. കത്തിയെരിയുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിലുള്ള ഈ ബാനറില്‍ ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപ്, മക്കളായ ഇവാങ്ക, ഡോണ്‍ ജൂനിയര്‍, എറിക്, ടിഫാനി, ബാരണ്‍ ട്രംപ് എന്നിവരുടെ ചിത്രങ്ങളുമുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘രക്തത്തിന് രക്തം’ എന്ന കടുത്ത മുദ്രാവാക്യമാണ് ഈ ബാനറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ് പ്രസിഡന്റിനെതിരെ ഇത്തരമൊരു ബില്‍ബോര്‍ഡിലൂടെ ഇറാന്‍ പരസ്യമായി ഭീഷണി മുഴക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുന്‍പ് മധ്യ ടെഹ്‌റാനിലെ എംഗലാബ് സ്‌ക്വയറില്‍ ട്രംപ് ഒരു കറുത്ത ശവപ്പെട്ടിയില്‍ കിടക്കുന്നതായി കാണിക്കുന്ന മറ്റൊരു ബില്‍ബോര്‍ഡും ഇറാന്‍ സ്ഥാപിച്ചിരുന്നു.
പൊതുവിടങ്ങളെ തങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ആശയവിനിമയത്തിനുള്ള ആയുധമായി ഇറാന്‍ പണ്ടുമുതലേ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഫെബ്രുവരി അവസാനത്തോടെ യു.എസ്-ഇസ്രായേല്‍ സഖ്യസേനയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതുമുതല്‍ ഈ തന്ത്രം ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ വിശാലമായ ദൃശ്യ ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമായി വിപ്ലവകരമായ ചിത്രങ്ങളും യുദ്ധസ്മാരകങ്ങളും പ്രതിഫലിപ്പിക്കുന്ന ഭീമാകാരമായ ബില്‍ബോര്‍ഡുകള്‍ ടെഹ്‌റാനിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചുവരുന്നു. തുറന്ന ഒരു കറുത്ത ശവപ്പെട്ടിയില്‍ നിന്ന് ട്രംപിന്റെ ശരീരം പുറത്തേക്ക് കാണുന്ന രീതിയിലാണ് ഈ ഹോര്‍ഡിംഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെഹ്‌റാനിലെ വലിയാസര്‍ സ്‌ക്വയറിലുള്ള ഇത്തരം വലിയ ചുവര്‍ചിത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (IRGC) ബന്ധമുള്ള ‘ഓവ്ജ് ആര്‍ട്‌സ് ആന്‍ഡ് മീഡിയ ഓര്‍ഗനൈസേഷനാണ്’.
തന്റെ പിതാവും ഇറാന്റെ മുന്‍ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പകരമുള്ള പ്രതികാരം ‘തീര്‍ച്ചയായും നടപ്പാക്കുമെന്നും’ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ കിടക്കകളില്‍ സമാധാനത്തോടെ കിടന്ന് മരിക്കില്ലെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനി വെല്ലുവിളിച്ചു. ഈ പ്രതികാരം ഇറാന്റെ ആവശ്യമാണെന്നും, മുകളില്‍ നിന്ന് താഴെ വരെയുള്ള പേരുകള്‍ വ്യക്തമായി അറിയാവുന്ന ഈ കുറ്റവാളികള്‍ കല്ലറകളിലേക്ക് പോവുക തങ്ങളുടെ കിടക്കകളില്‍ സമാധാനത്തോടെ മരിക്കുക എന്ന നടക്കാത്ത ആഗ്രഹവും പേറിയാവും എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ സാന്നിധ്യത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് അവര്‍ അറിഞ്ഞിരിക്കണമെന്നും മൊജ്താബ ഖമേനി തന്റെ ടെലിഗ്രാം ചാനലില്‍ കുറിച്ചു.
അതേസമയം ഇറാന് മേല്‍ വന്‍തോതില്‍ ‘ബോംബാക്രമണം’ നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെ താന്‍ വളരെക്കാലമായി ഇറാന്റെ ലക്ഷ്യപ്പട്ടികയില്‍ ഉണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ച ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടതുമുതല്‍ അദ്ദേഹം ഇറാന്റെ പ്രധാന ലക്ഷ്യമാണ്. അടുത്തിടെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം, സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ട്രംപ് തന്റെ യാത്രാ പദ്ധതികളില്‍ പെട്ടെന്ന് മാറ്റം വരുത്തിയിരുന്നു. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇതെന്ന് വൈറ്റ് ഹൗസും പിന്നീട് സ്ഥിരീകരിച്ചിരുന്നു.
ഇറാനെതിരെ വിപുലമായ സൈനിക നീക്കം നടത്താന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍, വരും ദിവസങ്ങളില്‍ അമേരിക്ക ഡസന്‍ കണക്കിന് റീഫ്യൂവലിംഗ് വിമാനങ്ങള്‍ ഇസ്രായേലിലേക്ക് അയക്കുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന അമേരിക്കന്‍-ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആക്രമണങ്ങള്‍ക്ക് നേരിട്ട് ഉത്തരവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
English SummaryTensions in the West Asian conflict reached a historic high after a massive billboard was displayed in Tehran depicting a burning US White House and coffins wrapped in the American flag. The IRGC (Islamic Revolutionary Guard Corps) issued a chilling warning targeted at US President Donald Trump and his family, openly proclaiming “blood for blood” to avenge the assassination of their supreme leader, Ayatollah Ali Khamenei. This dangerous escalation comes amid continuous US airstrikes in Iran for seven nights and recent Iranian attacks on civilian infrastructure in Kuwait and a Thai vessel in the Strait of Hormuz, threatening a global crisis.


