ഹോർമുസ് അടച്ച് ഇറാൻ, ആക്രമണം ശക്തമാക്കി യുഎസ്; പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്

‘ഹോർമുസിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും’; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു. യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് അടച്ചതിനുപിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാം ഘട്ട ആക്രമണമാണിത്.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് യുഎസ് നടത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ എവിടെയാണ് ആക്രമണം നടത്തിയത് എന്ന കാര്യം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ തെക്കൻ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ർ, ബുഷെഹർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.

അനുവാദമില്ലാത്ത വഴിയിൽക്കൂടി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലിനെ ഐആർജിസി ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. തിരിച്ചടിച്ചാൽ കടുത്ത ആഘാതമുണ്ടാകുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകി.

ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച് സമുദ്ര സുരക്ഷയെ അപകടത്തിലാക്കിക്കൊണ്ട് നീങ്ങിയ കപ്പൽ ആക്രമിക്കുകയും തടയുകയും ചെയ്തെന്ന് ഐആർജിസിയുടെ നാവികസേന പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, ഏതാണ് കപ്പൽ എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇറാൻ പുറത്തുവിട്ടിട്ടില്ല. കപ്പൽ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാനെതിരായ ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാൻ അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കവുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒമാനിലെത്തിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കുകയെന്നതാണ് അജൻഡ. ഈ ചർച്ച തുടരവെയാണ് ഇപ്പോൾ ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈയാഴ്ചയുണ്ടായ ആക്രമണ-പ്രത്യാക്രമണങ്ങൾ കണക്കിലെടുക്കാതെ യുഎസും ഇറാനും ചർച്ചകൾ തുടരാൻ സമ്മതിച്ചെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ഹോർമുസിലെ ബദൽപ്പാതയിലൂടെ പോയ കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതിനാൽ, ജൂൺ 17-ന് പ്രാബല്യത്തിലായ വെടിനിർത്തൽക്കരാർ അവസാനിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനിടെ, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവർ ഒമാനിൽ അരാഗ്ചിയുടെ സംഘവുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അക്കാര്യത്തിൽ സ്ഥിരീകരണമില്ല.

ഇറാന്റെ എണ്ണവിൽപ്പനയ്ക്കുമേലുള്ള ഉപരോധ ഇളവ് റദ്ദാക്കിയതുൾപ്പെടെയുള്ള യുഎസിന്റെ കരാർലംഘന നടപടികൾ പിൻവലിക്കുന്നതുവരെ ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമാധാനസാധ്യതതേടി ഖത്തറിന്റെ പ്രതിനിധിസംഘം വെള്ളിയാഴ്ച ഇറാനിലെത്തിയിരുന്നു.

സംഘർഷത്തെത്തുടർന്ന് അവതാളത്തിലായ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായും ചർച്ചനടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News