ബസ്സിൽ റീത്ത് വച്ച് അവസാന യാത്ര; ആറ് പതിറ്റാണ്ട് നീണ്ട സർവീസ് അവസാനിപ്പിച്ച് ചീനിക്കാസ്, പ്രിയദർശിനിയിൽ കൂടുതൽ സ്വകാര്യ ബസുകൾ കട്ടപ്പുറത്തേക്ക്

ബസ്സിൽ റീത്ത് വച്ച് അവസാന യാത്ര; 64 വർഷത്തെ സർവീസ് നിർത്തി ചീനിക്കാസ്, പ്രിയദർശിനി ഇഫക്ട്‌

അതിരപ്പിള്ളി: ആനമല റോഡിൽ ചാലക്കുടിയിൽനിന്ന് വാൽപ്പാറയിലേക്ക് കഴിഞ്ഞ 64 വർഷമായി സർവീസ് നടത്തിയിരുന്ന ചീനിക്കാസിന്റെ സ്വകാര്യബസുകൾ സർവീസ് നിർത്തി. ബസിൽ റീത്തു വെച്ചായിരുന്നു അവസാനത്തെ യാത്ര.

ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടിസി. ബസുകൾ പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതു മുതൽ വൻ നഷ്ടത്തിലാണ് ബസുടമകൾ സർവീസ് നടത്തിയിരുന്നത്.

ചാലക്കുടിയിൽനിന്ന് വാൽപ്പാറ വരെ പോയി തിരികെ ചാലക്കുടിയിലെത്താൻ ഒരു ബസിന് തൊഴിലാളികളുടെ വേതനമടക്കം ഏകദേശം 9,000 രൂപയോളം ചെലവു വരും. നഷ്ടത്തിലായിരുന്നങ്കിലും ഈ സർവീസുകൾ ബസ്സുടമകൾ പൊതുജനങ്ങൾക്കുള്ള സേവനമായിട്ടായിരുന്നു കണ്ടിരുന്നത്.

എന്നാൽ, കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനിയാത്ര ആരംഭിച്ചതു മുതൽ നഷ്ടം കൂടി. ബസുകൾ സർവീസ് നിർത്തിയതുമൂലം കൂടുതൽ ദുരിതം വാൽപ്പാറ, മലക്കപ്പാറ പ്രദേശത്തുള്ള മലയാളികൾക്കും ആദിവാസികൾക്കുമാണ്.

മലയോരമേഖല ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ഈ ബസുകളുടെ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വാൽപ്പാറ മലയാളിസമാജം അസോസിയേഷനും ആദിവാസികളും മലക്കപ്പാറനിവാസികളും മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും എം.എൽ.എ.ക്കും നിവേദനം കൊടുക്കാനൊരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News