മുംബയ്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് എന്ന് പേര് ഇപ്പോള്‍ തന്നെ ബിസിസിഐക്ക് സ്വന്തമാണ്. ആ സമ്പത്ത് ഇനിയും ഉയരാന്‍ പോകുകയാണ്. കാരണം ഐപിഎല്ലിന്റെ 2023 മുതല്‍ 2027 വരെയുള്ള അഞ്ചുവര്‍ഷത്തെ മീഡിയ അവകാശങ്ങള്‍ വില്‍ക്കുന്നതിനുള്ള ലേലം വിളി നിലവില്‍ എത്തിനില്‍ക്കുന്നത് 42,000 കോടി രൂപയിലാണ്. ലേലം നടക്കുന്നത് ഓണ്‍ലൈന്‍ ആയിട്ടായതിനാല്‍ ഈ തുക ഇനിയും ഉയരാനാണ് സാദ്ധ്യത.
2017ല്‍ മീഡിയ അവകാശങ്ങള്‍ വില്‍ക്കുമ്പോള്‍ ബിസിസിഐക്ക് ലഭിച്ചതിന്റെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ തുക. 2023-2027 കാലഘട്ടത്തിലെ ഐപിഎല്ലില്‍ ഓരോ സീസണിലും 74 മത്സരങ്ങള്‍ വീതമായിരിക്കും നടക്കുക. ഈ സമയം തന്നെ മത്സരങ്ങളുടെ എണ്ണം 94 ആയി ഉയര്‍ത്താനുള്ള സാദ്ധ്യതയും ബിസിസിഐ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്.
നേരത്തെ ആമസോണ്‍ വരെ ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ലേലം പുരോഗമിച്ചതോടെ അവര്‍ പിന്മാറുകയായിരുന്നു. നിലവില്‍ റിലയന്‍സ്, ഡിസ്നി സ്റ്റാര്‍, സീ നെറ്റ്വര്‍ക്ക്, സോണി എന്നിവരാണ് ലേലത്തിന്റെ മുന്‍നിരയില്‍ ഉള്ളത്. നാല് പാക്കേജുകളിലായാണ് ലേലം വിളി നടക്കുന്നത്. ഇതില്‍ എ, ബി പാക്കേജുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 1000 കോടി രൂപയുടെ ആസ്തിയും ബി, സി പാക്കേജുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 500 കോടി രൂപയുടെ ആസ്തിയുമാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.