26.7 C
Kottayam
Saturday, May 4, 2024

സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി; ആശുപത്രിയിലേക്ക് മാറ്റി

Must read

ന്യൂഡല്‍ഹി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഹാന്ധിക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

ഈ കേസ് അന്വേഷണം 2015 ല്‍ ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേസമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപമുയര്‍ത്തി, ഇഡി നടപടി നേരിടുന്ന സമാന കക്ഷികളെ ഒപ്പം ചേര്‍ത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഭാവി നീക്കത്തിനുള്ള സൂചനയായി.

നാളെ രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഇഡിക്ക് മുമ്പില്‍ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും.

രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും. ഈ സമയം രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്‍പിലും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week