അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സെപ്റ്റംബര്‍ 19ന് തുടക്കം കുറിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിലെത്തി ടീമിലെ മുഴുവനാളുകളെയും ആറ് ദിവസം ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ സമ്മതം അറിയിച്ചിരിക്കുകയാണ്. താരങ്ങളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ സാഹസത്തിന് മുതിരാനില്ലെന്നും അതിനാല്‍ ആറ് ദിവസത്തെ ക്വാറന്റൈന്‍ താരങ്ങള്‍ക്ക് യുഎഇയില്‍ നല്‍കുമെന്നും ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക വൃത്തം പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യുഎഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായിരിക്കണമെന്ന് ബിസിസിഐ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
ഇതിനുപുറമെ ടൂര്‍ണമെന്റിനിടെ ഓരോ അഞ്ച് ദിവസത്തിലും കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ ചേരുന്നതിന് ഒരാഴ്ച മുമ്പ് രണ്ട് തവണയെങ്കിലും ആര്‍ടി-പിസിഐര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തണം.
ഇതിന് ശേഷം ഇന്ത്യയിലുള്ള ടീം അംഗങ്ങള്‍ക്കൊപ്പം 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യയില്‍ നടത്തുന്ന പരിശോധനയില്‍ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണം.
ഇതിനുശേഷം 24 മണിക്കൂറിനിടെ രണ്ട് തവണ ആര്‍ടി-പിസിഐര്‍ ടെസ്റ്റിന് വിധേയനായി ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇന്ത്യയിലുള്ള ടീമിനൊപ്പം വീണ്ടും ചേരാനാവു. യുഎഇയില്‍ എത്തിയശേഷം ഒരാഴ്ച ക്വാറന്റീനില്‍ കഴിയുന്ന താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഇക്കാലയളവില്‍ മൂന്ന് തവണയെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയരാവണം. ഇതിനുശേഷമേ ഇവരെ ബയോ ബബ്ബിളിലേക്ക് പ്രവേശിപ്പിക്കു.