തലശേരി: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചി മുറിയില്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കോസ്റ്റല്‍ എഡിജിപി ഇ. ജെ. ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് സംസ്ഥാന തലത്തില്‍ തന്നെ ഏറെ വിവാദമായ പാലത്തായി കേസിന്റെ അന്വഷണം പൂര്‍ത്തിയാക്കിയത്.
പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയ അന്വഷണ സംഘം ഇതു സംബന്ധിച്ച ശസ്ത്രീയ തെളിവുകളും ശേഖരിച്ചു. സ്‌കൂളിലെ ശുചി മുറിയില്‍ നിന്നു പൊളിച്ചെടുത്ത ടൈല്‍സില്‍ രക്തക്കറയുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. നിര്‍ണായകമായ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ അന്വഷണ സംഘം കുറ്റ പത്രം പൂര്‍ത്തിയാക്കുകയായിരുന്നു.
എഡിജിപി നേരിട്ടു മേല്‍ നോട്ടം വഹിച്ച കേസില്‍ കുറ്റപത്രം ഡിജിപിയുടെ അനുമതിയോടെ അടുത്ത ദിവസംതന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. നേരത്തെ അന്വഷണം നടത്തിയ സംഘങ്ങള്‍ കണ്ടെത്തിയ ശുചി മുറിയിലല്ല പീഡനം നടന്നതെന്ന് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.
വിദ്യാലയത്തിലെ രണ്ട് ശുചി മുറികളിലെയും ടൈല്‍സ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്ത പോലീസ് ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. പീഡനത്തിനിടയില്‍ രക്ത സ്രാവമുണ്ടായിയെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശുചിമുറിയില്‍നിന്നു രക്ത സാമ്പിളുകള്‍ കണ്ടെത്താനായിരുന്നു ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. വാതിലിനു കൊളുത്തുള്ള ശുചി മുറിയില്‍ വച്ചും കൊളുത്തില്ലാത്ത ശുചി മുറിയില്‍ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്.
സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കെയാണ് പീഡന വിവരം പെണ്‍കുട്ടി കൂട്ടുകാരികളോടു പറഞ്ഞതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരികളായ വിദ്യാര്‍ഥിനികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഈ വിദ്യാര്‍ഥിനികളുടെ മൊഴി നേരത്തെ അന്വേഷണം നടത്തിയ സംഘം ശേഖരിച്ചിരുന്നില്ല. തെളിവെടുപ്പില്‍ മുന്‍ അന്വഷണ സംഘങ്ങളുടെ ചില കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണെന്നു പുതിയ സംഘം വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടിയെ അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ കുനിയില്‍ പദ്മരാജന്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയായ പദ്മരാജനെ തലശേരി ഡിവൈഎസ്പിയായിരുന്ന കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും പ്രതി 90 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.
ലോക്കല്‍ പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഐജിയുടെ ഫോണ്‍ സംഭാഷണം പുറത്തായത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.