കെ.എസ്.ആർ.ടി.സി ബസിൽ കവർച്ച; ഒടുവിൽ 25-ഓളം കേസുകളിലെ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവ് ‘വാസുകി’ കായംകുളത്ത് പിടിയിൽ;ദുർഗ, കാമാക്ഷി, സരസ്വതി… പേരുകൾ പലത്

ദുർഗ, കാമാക്ഷി, സരസ്വതി, വാസുകി... പേരുകൾ പലത്; 25-ഓളം മോഷണക്കേസുകളിൽ പ്രതിയായ സ്ത്രീ അറസ്റ്റിൽ

കായംകുളം: കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും ബസുകളും ഉത്സവപ്പറമ്പുകളും കേന്ദ്രീകരിച്ച് വൻതോതിൽ പോക്കറ്റടിയും മോഷണവും നടത്തുന്ന സംഘത്തിലെ പ്രധാനിയായ തമിഴ്‌നാട് സ്വദേശിനി പോലീസിന്റെ പിടിയിലായി. നിരവധി വ്യാജപ്പേരുകളിൽ കേരളത്തിലുടനീളം മോഷണം നടത്തിവന്ന വാസുകി എന്ന സ്ത്രീയാണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. ദുർഗ, കാമാക്ഷി, സരസ്വതി എന്നീ പേരുകളിലാണ് ഇവർ വിവിധയിടങ്ങളിൽ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് യാത്രക്കാരന്റെ പണം കവർന്നതിനാണ് ഇവരെ പോലീസ് പൊക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഡാണാപ്പടി ജങ്ഷനിൽനിന്നു കരീലക്കുളങ്ങര എൽമെക്‌സ് ആശുപത്രിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ വരികയായിരുന്ന യാത്രക്കാരന്റെ പണമാണ് വാസുകി തന്ത്രപൂർവ്വം കവർന്നത്. തിരക്കിനിടയിൽ യാത്രക്കാരന്റെ ഷോൾഡർ ബാഗിന്റെ സിപ്പ് തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 8,500 രൂപയാണ് ഇവർ മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ യാത്രക്കാരൻ നൽകിയ പരാതിയിലാണ് പോലീസ് അതിവേഗ അന്വേഷണം നടത്തി പ്രതിയെ കുടുക്കിയത്.

25-ഓളം മോഷണക്കേസുകളിൽ പ്രതി

കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ, പ്രമുഖ ആരാധനാലയങ്ങൾ, വലിയ ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീകളെ മുന്നിൽ നിർത്തി മോഷണം നടത്തുന്ന വൻ സംഘത്തിലെ കണ്ണിയാണ് വാസുകിയെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിലായി 25-ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇവർ. പിടിക്കപ്പെടുമ്പോഴൊക്കെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യത്യസ്ത പേരുകളും വിലാസങ്ങളുമാണ് ഇവർ നൽകിയിരുന്നത്.

കരീലക്കുളങ്ങര എസ്.എച്ച്.ഒ. പി.ജെ. നോബിൾ, അൻവർ സാദിഖ്, ശ്രീകുമാർ, അനി, സബീഷ്, ദീപക്, രഞ്ജി രവീന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ വാസുകിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ സംഘത്തിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

English Summary

The Kareelakulangara Police arrested a notorious interstate woman thief, Vasuki, a native of Tamil Nadu, for stealing money from a passenger on a KSRTC bus in Kayamkulam. Vasuki, who also operates under aliases like Durga, Kamakshi, and Saraswathi, stole Rs 8,500 from a passenger’s shoulder bag. According to the police, she is a key member of a larger gang that targets crowded buses, festivals, and places of worship. Vasuki is currently an accused in around 25 theft cases across various districts in Kerala. Following her arrest by a team led by SHO P.J. Noble, she was produced before the Haripad Judicial First Class Magistrate Court and remanded to judicial custody.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News