ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച നവജാതശിശുവിനെ തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുക്കും. പ്രസവിച്ച കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് 19 വയസ്സുകാരിയായ യുവതി സി.ഡബ്ല്യു.സി.യെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണിത്.
നിലവിൽ അമ്മയും കുഞ്ഞും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് പാലുകൊടുക്കാൻ പോലും യുവതി തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഇരുവരെയും ആശുപത്രിയിൽ പ്രത്യേക വാർഡുകളിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് സി.ഡബ്ല്യു.സി. അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ആശുപത്രി അധികൃതർ യുവതിയെ ഡിസ്ചാർജ് ചെയ്യും. അതോടെ കുഞ്ഞിന്റെ പൂർണ്ണ ചുമതല സി.ഡബ്ല്യു.സി. ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതിക്ക് കൈമാറുകയും, തുടർന്ന് ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റുകയും ചെയ്യും.
രണ്ടുമാസം വരെ കുട്ടിയെ ശിശുവിഹാറിൽ പരിപാലിക്കും. ഈ കാലയളവിനുള്ളിൽ അമ്മയ്ക്ക് മനംമാറ്റമുണ്ടാകുകയാണെങ്കിൽ കുഞ്ഞിനെ തിരികെ വിട്ടുകൊടുക്കുന്ന കാര്യം ആലോചിക്കും. എന്നാൽ പോലീസിന്റെ റിപ്പോർട്ടുകൂടി പൂർണ്ണമായി പരിഗണിച്ച ശേഷമേ ഇതിൽ അന്തിമ തീരുമാനം എടുക്കൂ.
അതേസമയം, പ്രസവിച്ചയുടൻ കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതിനാൽ യുവതിക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി വിട്ടാലുടൻ യുവതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. നിലവിൽ യുവതിക്ക് വിദഗ്ദ്ധ മാനസിക കൗൺസലിങ് നൽകുന്നുണ്ട്. ഇവർ കൗൺസലറുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ അവിവാഹിതയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ശൗചാലയത്തിൽ വെച്ച് പ്രസവിച്ച ഇവർ, ആരുമറിയാതെ കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.
എറണാകുളത്ത് റേഡിയോളജി കോഴ്സിന് ചേർന്ന യുവതി പഠനത്തോടൊപ്പം അവിടെ ജോലിചെയ്യുന്നുമുണ്ടായിരുന്നു. ജോലിസ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഒരു യുവാവുമായി താൻ അടുപ്പത്തിലായിരുന്നെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി യുവതി സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെക്കാൻ വയറ്റിൽ വലിയ മുഴയുണ്ടെന്നും അതിന് ചികിത്സ നടത്തുകയാണെന്നുമാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു.
The Child Welfare Committee (CWC) will take custody of the newborn baby who survived an inside-hospital murder attempt by his 19-year-old mother in Haripad. The decision comes after the unwed mother formally expressed her unwillingness to keep the baby. Both are currently at Vandanam Medical College Hospital, where they are kept separately as the mother refused to breastfeed. Upon her discharge on Monday, the baby will be shifted to Alappuzha Shishuvihar for two months. Haripad Police has registered an attempt-to-murder case against the woman, who hid her pregnancy from her family by claiming she had a stomach tumor. She will be interrogated following her discharge.


