ന്യൂഡല്‍ഹി: സഭാനടപടികള്‍ തടസ്സപ്പെടുത്തിയെന്നൊരോപിച്ച് അഞ്ച് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയം ലോക്‌സഭ പാസാക്കി. ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീൻ കുര്യാക്കോസ്, എസ്. ജോതിമണി, രമ്യ ഹരിദാസ് എന്നീ എം.പി.മാരെ സസ്‌പെന്റ് ചെയ്തത്.
പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. സഭയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, എസ്.ജ്യോതിമണി, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പെരുമാറ്റം ഗൗരവമായാണ് സഭ കാണുന്നത്. ആയതിനാന്‍ ഇവരെ ശേഷിക്കുന്ന കാലയളിലേക്ക് സസ്‌പെന്റ് ചെയ്തതായി അറിയിക്കുന്നു’, പ്രഹ്‌ളാദ് ജോഷി പറഞ്ഞു.
നടപടിക്ക് ശേഷം സഭ മൂന്നുമണിവരെ പിരിഞ്ഞു. ഇതിനിടെ ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചുമതല ലോക്‌സഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞതോടെ സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തി.
പാര്‍ലമെന്റില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതിന് ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, ഹൈബി ഈഡന്‍ എന്നീ കോണ്‍ഗ്രസ് എം.പി.മാർക്ക് സ്പീക്കര്‍ പേരെടുത്തുപറഞ്ഞ് മുന്നറിയിപ്പ് നല്‍കിയിരുന്നു.