ഡൽഹി: ഒമിക്രോണ്‍ (Omicron) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ (International Flight Services) പുനസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെ വിമാന സർവ്വീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ പടരുന്നതിനാൽ ആഗോള സാഹചര്യം പരിഗണിച്ചാണ് നടപടി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിയന്ത്രണങ്ങളോടെ ഈ മാസം പതിനഞ്ചിന് പുനസ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ പടർന്നതോടെ തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിര്‍ത്തു. തുടര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വാര്‍ത്താകുറിപ്പിൽ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഒടുവിൽ ഇന്ന് വിമാന സർവ്വീസുകൾ പുനസ്ഥാപിക്കുന്നത് നീട്ടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല.