മുംബൈ : രാമായണം അടിസ്ഥാനമാക്കി ഓ റൗത് സംവിധാനംചെയ്ത സിനിമ ‘ആദിപുരുഷി’നെ ചൊല്ലിയുള്ളവിവാദങ്ങള്‍ അവസാനിക്കുന്നില്ല. വാരാണസിയില്‍ സിനിമക്കെതിരേ പ്രതിഷേധിച്ച ഒരുസംഘം പോസ്റ്റര്‍ കീറിയെറിഞ്ഞപ്പോള്‍ നിര്‍മാതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ലഖ്‌നൗ പോലീസിനെ സമീപിച്ചു. സിനിമ നിരോധിക്കണമെന്ന് അയോധ്യയിലെ സന്ന്യാസിമാര്‍ ആവശ്യപ്പെട്ടു.
മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. സെന്‍സര്‍ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്‌ള പറഞ്ഞു. തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സിനിമയില്‍ മാറ്റംവരുത്താന്‍ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാര്‍ത്താവിതരണമന്ത്രി അനുരാഗ് ശുക്‌ള പറഞ്ഞു.
പ്രഭാസ് നായകനായ സിനിമ ആദ്യമൂന്നുദിവസത്തിനിടെ 350 കോടി രൂപയ്ക്കുമുകളില്‍ കലക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. സംഭാഷണങ്ങള്‍ക്ക് പുറമേ ചില കഥാപാത്രങ്ങളുടെ രൂപത്തിന്റെപേരിലും വിവാദമുണ്ടായിരുന്നു. ചിത്രം സനാതനികളെ വേദനിപ്പിച്ചെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ് ട്വീറ്റ് ചെയ്തത്.
മുംബൈയില്‍ ‘ആദിപുരുഷി’ന്റെ പ്രദര്‍ശനം തടഞ്ഞു
രാമായണത്തിന്റെ വികലമായ ചിത്രീകരണമാണെന്നാരോപിച്ച് ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം ഹിന്ദുത്വസംഘടന മുംബൈയില്‍ തടഞ്ഞു. മുംബൈ നല്ലസൊപ്പാര കാപ്പിറ്റല്‍ മാളിലെ തിയേറ്ററിലായിരുന്നു സംഭവം.
രാഷ്ട്രപ്രഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തിയറ്റില്‍ കടന്ന് പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടിന് ആരംഭിച്ച പ്രദര്‍ശനത്തിനിടെ രാഷ്ട്രപ്രഥം പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളികളോടെ തിയേറ്ററിനകത്ത് പ്രവേശിക്കുകയായിരുന്നു. സിനിമയ്‌ക്കെതിരേയും നിര്‍മാതാക്കള്‍ക്കെതിരേയും മുദ്രാവാക്യം മുഴക്കിയ ഇവര്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു. തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു.
വധഭീഷണിയെത്തുടര്‍ന്ന് ആദിപുരുഷിന്റെ തിരക്കഥാകൃത്ത് മനോജ് മുന്‍താഷിറിന് പോലീസ് സുരക്ഷ. രാമായണത്തെ വികലമാക്കിയെന്നാരോപിച്ച് മനോജ് മുന്‍താഷിറിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ വധഭീഷണിയും വന്നിരുന്നു.
ഇതേത്തുടര്‍ന്ന് മനോജ് പരാതിയുമായി മുംബൈ പോലീസിനെ സമീപിക്കുകയായിരുന്നു. ക്ഷത്രീയകര്‍ണിസേനയാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ ഭീഷണിയുമായി രംഗത്തുവന്നിട്ടുള്ളതെന്നാണ് പരാതി. പ്രഭാസും കൃതി സനോണും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ആദിപുരുഷ് ഓംറൗട്ടാണ് സംവിധാനംചെയ്തത്
നിരോധിക്കണമെന്ന് കോണ്‍ഗ്രസ്
ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശ്രീരാമനേയും ഹനുമാനേയും അപമാനിക്കുന്ന സിനിമ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് പി.സി.സി. അധ്യക്ഷന്‍ നാനാപട്ടോളെ ആവശ്യപ്പെട്ടു. ഹിന്ദുത്വസംരക്ഷകള്‍ എന്ന് അവകാശപ്പെടുന്ന ബി.ജെ.പി. യുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കണമെന്നും പട്ടോളെ ആവശ്യപ്പെട്ടു.