കൊച്ചി:പൊതുവെ മലയാളികൾ സംസ്കാര സമ്പന്നരാണെന്നാണ് പറയാറുള്ളത്. എന്നാൽ മലയാളികളിൽ ഒരു വിഭാഗക്കാരുടെ യഥാർഥ സംസ്കാരം കാണണമെങ്കിൽ സോഷ്യൽമീഡിയയിലെ കമന്റ് ബോക്സുകൾ എടുത്ത് നോക്കിയാൽ മതി. മുഖത്ത് നോക്കി പറയാൻ മടിയും ധൈര്യവും ഇല്ലാത്ത ഒരുപാട് പേർ പ്രൊഫൈൽ ഫോട്ടോ പോലും വെയ്ക്കാതെ തരംതാണ തരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾക്ക് കമന്റ് ചെയ്യുന്നത് കാണാം.
വാക്കുകൾ കൊണ്ട് ഒരാളെ മാനസീകമായി തകർക്കുക, ഇല്ലാതാക്കുക എന്നിവയെല്ലാമാണ് അവിടെ കാണാൻ സാധിക്കുക. കഴിഞ്ഞ ദിവസമാണ് മലയാളിത്തിലെ മഹാനടന്മാരിൽ ഒരാളായ ഇന്നസെന്റ് അന്തരിച്ചത്.
ചികിത്സയിലാണെന്ന് വാർത്തകൾ വന്നപ്പോഴും എല്ലാവരും കരുതിയത് അദ്ദേഹം ജീവിത്തിലേക്ക് തിരിച്ചുവരുമെന്നാണ്. കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് ഇന്നസെന്റ് അതുകൊണ്ട് തന്നെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി എന്ന വാർത്ത കേൾക്കാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണ വാർത്ത എത്തിയത്.
ഇന്ന് രാവിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ആയിരുന്നു പ്രിയങ്കരനായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങ് നടന്നത്. ഇന്നസന്റിന് ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നൽകി യാത്രയയയ്ക്കുന്ന രംഗം വികാരനിർഭരമായിരുന്നു. ആയുഷ്കാലം മുഴുവൻ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നസന്റിന്റെ വിടവാങ്ങൽ മലയാളികളിലാകെ കണ്ണുനീർ പടർത്തി.
അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ വന്നത് മുതൽ ദിലീപ്, ഇടവേള ബാബു, ബാദുഷ തുടങ്ങി സിനിമാ രംഗത്തെ എല്ലാവരും അദ്ദേഹം ചികിത്സയിലായിരുന്ന ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നസെന്റിനെ പള്ളി സെമിത്തേരിൽ അടക്കും വരെ സത്യൻ അന്തിക്കാട് അടക്കമുള്ളവർ സജീവമായി ഉണ്ടായിരുന്നു.
ഇപ്പോഴിത ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ ദിലീപിനും കാവ്യ മാധവനും മോഹൻലാലിനും നേരെ സോഷ്യൽമീഡിയയിൽ ഉയർന്നുവന്ന വിദ്വേഷ കമന്റുകളാണ് ചർച്ചയാകുന്നത്. മലയാളികളിൽ ഒരു വിഭാഗത്തിന്റെ ചിന്താശേഷിയും സംസ്കാരവും എത്രത്തോളമാണെന്നത് വ്യക്തമാകുന്നത് കമന്റ് ബോക്സ് കാണുമ്പോഴാണെന്നാണ് റിയാക്ഷൻ വീഡിയോകളിലൂടെ പ്രശസ്തനായ യുട്യൂബർ സീക്രട്ട് ഏജന്റ് പറഞ്ഞത്.
ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പിന് താഴെ വന്ന ഒരു കമന്റ് ‘ഇന്നസെന്റ് പോയി ഇനിയെന്നാണ് നീ?’ എന്നായിരുന്നു. ഇന്നസന്റിന് ആദരാഞ്ജലി അർപ്പിക്കാൻ കാവ്യ മാധവൻ എത്തിയതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിലെ നഷ്ടം കാവ്യയുടെ മുഖത്തും പ്രകടമായിരുന്നു.
സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ കാവ്യ മാധവനെ ദിലീപ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുൻനിരയിൽ ഉണ്ടായിരുന്നു.
ഇന്നസെന്റിന്റെ മൃതദേഹം കണ്ട് കരയുന്ന കാവ്യ മാധവന് നേരെ വലിയ രീതിയിലാണ് വിമർശനം വരുന്നത്. അവളുടെ ഒരു കരച്ചിൽ എല്ലാവരേയും കാണിക്കാൻ, കള്ളക്കരച്ചിൽ കാണിച്ച് സിംപതി നേടാൻ ശ്രമിക്കുന്നു എന്നെല്ലാമാണ് കമന്റുകൾ വരുന്നത്. ദിലീപിന്റേയും കാവ്യ മാധവന്റേയും പേരിലുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനാലാണ് വലിയ രീതിയിൽ വിമർശനം വന്നത്.
ചിലർ കെഎസ്ആർടി ബസിൽ ഇന്നസെന്റിന്റെ മൃതദേഹം കൊണ്ടുപോയതിനേയും വിമർശിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് ഭൗതികദേഹം പള്ളിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. എഴുന്നൂറിലധികം സിനിമകളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്.