വിവാഹ ബന്ധം വിജയകരമാവാൻ വേണ്ടതെല്ലാം ചെയ്യാൻ തയ്യാറാണ്:ഹണി റോസ്
കൊച്ചി:ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. ‘ട്രിവാണ്ട്രം ലോഡ്ജ്’ എന്ന ചിത്രമാണ് കരിയര്‍ ബ്രേക്ക് ഉണ്ടാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കരിയറിൽ അന്നും ഇന്നും ഉയർച്ച താഴ്ചകൾ ഒരു പോലെ ഹണി റോസിന് വന്നിട്ടുണ്ട്. എന്നാൽ സിനിമാ രംഗത്ത് നിന്ന് ഹണി റോസ് എന്ന പേര് ഒരിക്കലും വിസ്മരിക്കപ്പെട്ടിട്ടില്ല. മോൺസ്റ്ററാണ് മലയാളത്തിൽ ഹണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ഒരു ലെസ്ബിയൻ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. മോഹൻലാൽ നായകനായ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഹണി റോസ് പ്രശംസ നേടി.
ഏറെ നാളുകൾക്ക് ശേഷമാണ് അഭിനയ പ്രാധാന്യമുള്ള മുഴുനീള വേഷം ഹണി റോസിന് ലഭിക്കുന്നത്. ഇന്ന് മലയാളത്തിന് പുറമെ തെലുങ്കിലും സാന്നിധ്യമാണ് ഹണി റോസ്. വീര സിംഹ റെഡി എന്ന സിനിമയുടെ വിജയത്തോടെയാണ് ഹണിക്ക് തെലുങ്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ സിനിമയിൽ ഹണിയെക്കൂടാതെ ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന വേഷത്തിലെത്തി. സിനിമയുടെ വിജയത്തിന് ശേഷം ഹണി റോസിന് തെലുങ്കിൽ വലിയ ആരാധക വൃന്ദം ഉണ്ടാക്കാനായി. രണ്ട് ഗെറ്റപ്പുകളിൽ ഹണി സിനിമയിലെത്തി.
ഹണി റോസിനിന്ന് തെലുങ്കിൽ ഫാൻ പേജുകളുമുണ്ട്. ആന്ധ്രയിലും ആരാധകരായതോടെ നടി ഇവിടെയും ഉദ്ഘാടന പരിപാടികളിലെ സജീവ സാന്നിധ്യമായിരിക്കുകയാണ്. കേരളത്തിൽ ഓടി നടന്ന് ഉദ്ഘാടനം ചെയ്യുന്ന നടിയെന്നാണ് ഹണി റോസിനെക്കൊണ്ട് പൊതുവെ പറയാറുള്ളത്. ഇപ്പോൾ ആന്ധ്രയിലും തെലങ്കാനയിലും ഹണി ഉദ്ഘാടനങ്ങൾക്കെത്തുകയാണ്. വിജയവാഡയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ച് ഹണിയോട് ചോദിച്ചതായിരുന്നു ആരാധകർ.
വിവാഹം വലിയൊരു ഉത്തരവാദിത്തമാണെന്ന് ഹണി വ്യക്തമാക്കി. ആ ഉത്തരവാദിത്തം എടുക്കാൻ എനിക്കിഷ്ടമാണ്. ഒരു വിവാഹ ബന്ധം വിജയകരമാവാൻ വേണ്ടതെല്ലാം ചെയ്യാൻ തയ്യാറാണെന്നും ഹണി റോസ് വ്യക്തമാക്കി. മലയാളത്തിലും തെലുങ്കിലുമായി കരിയറിന്റെ തിരക്കുകളിലാണ് ഹണി റോസ്. തെലുങ്ക് സോഷ്യൽ മീഡിയകളിൽ തരംഗമാവാൻ ഇതിനകം ഹണി റോസിന് കഴിഞ്ഞു. വീരസിംഹ റെഡിക്ക് ശേഷം ഹണി റോസിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവും കൂടിയിട്ടുണ്ട്.
തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നന്ദമൂരി ബാലകൃഷ്ണ. സൂപ്പർ സ്റ്റാറിന്റെ നായികയായെത്തിയ ഹണിയെ തേടി ഇനി മറ്റ് താരങ്ങളുടെ സിനിമകളും എത്തിയേക്കാം. മലയാളത്തിലും മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ ഹണി റോസിന് കഴിഞ്ഞു. മോഹൻലാലിനൊപ്പമാണ് ഹണി കൂടുതൽ സിനിമകളും ചെയ്തത്. അടുത്തിടെ തനിക്ക് നേരെ വരുന്ന മോശം കമന്റുകളെക്കുറിച്ച് ഹണി റോസ് സംസാരിച്ചിരുന്നു.
കമന്റുകൾ ആദ്യം തന്റെ അമ്മയെയുൾപ്പെടെ വിഷമിപ്പിച്ചിരുന്നു. എന്നാലിന്ന് അമ്മ പോലും അത് കാര്യമാക്കാതാതെയായി. മോശം കമന്റിടുന്നവരെ താൻ ഗൗനിക്കാറില്ലെന്നും ഹണി റോസ് വ്യക്തമാക്കി. ഉദ്ഘാടന പരിപാടികൾ തനിക്കിഷ്ടമാണ്. ആളുകളുടെ സ്നേഹം നേരിട്ടറിയാം. അതിലെന്താണ് തെറ്റെന്നും
ഹണി റോസ് ചോദിച്ചു. ഹണി റോസിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മോൺസ്റ്ററിന് ശേഷം മലയാളത്തിൽ ഹണി റോസിന്റെ പുതിയ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല.