ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ നടന്‍ ഇന്ദ്രജിത് സുകുമാരന്റെതായി രണ്ട് സിനിമകളാണ് തിയേറ്ററുകളിലുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, ഇന്ദ്രജിത് തന്നെ നായകനായ സ്പോര്‍ട്സ് ഡ്രാമ ‘ആഹാ’ എന്നിവയാണ് തിയേറ്ററിലെത്തിയിരിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയില്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ് എന്ന കഥാപാത്രമാണ് ഇന്ദ്രജിത് അവതരിപ്പിക്കുന്നത്.
പൊലീസ് വേഷങ്ങളുടെ നീണ്ടനിര തന്നെയാണ് ഇനി പുറത്തിറങ്ങാനുള്ളത് എന്നാണ് ഇന്ദ്രജിത് പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ”പട്ടാളസിനിമയില്‍ ഒട്ടേറെ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്,” ഇന്ദ്രജിത് ചിരിച്ചുകൊണ്ട് പറഞ്ഞു.
കൊവിഡ് കാലത്തിന് മുമ്പും ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പൊലീസ് വേഷമാണെന്നും താരം പറയുന്നു. ”കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെ. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം. പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്,” ഇന്ദ്രജിത് കൂട്ടിച്ചേര്‍ത്തു.
മീശമാധവന്‍, വണ്‍വേ, അച്ഛനുറങ്ങാത്ത വീട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചേകവര്‍, വേട്ട, മസാല റിപ്പബ്ലിക് തുടങ്ങി നിരവധി സിനിമകളില്‍ ഇന്ദ്രജിത് മുമ്പ് പൊലീസ് വേഷങ്ങളിലെത്തിയിട്ടുണ്ട്. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രം ആഹായില്‍ ഒരു വടംവലിക്കാരന്റെ വേഷത്തിലാണ് ഇന്ദ്രജിത് എത്തുന്നത്.