ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ; ഭാരോദ്വഹനത്തില്‍ മീരാഭായ്‌ ചാനുവിന് വെള്ളി

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.

സ്നാച്ചിൽ 84 കിലോയും പിന്നീട് 87 കിലോയും ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 110 കിലോയും പിന്നീട് 115 കിലോയും ഉയർത്തിയാണ് വെള്ളി ഉറപ്പിച്ചത്.ഈ വിഭാഗത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News