ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്സിന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ കോവിഷീല്‍ഡിന് അടിയന്തരാനുമതി ഇന്ത്യയില്‍ നല്‍കിയേക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടു.
ഓക്‌സ്ഫഡ് വാക്‌സിന് ബ്രിട്ടനിലെ ഡ്രഗ് റഗുലേറ്റര്‍ അംഗീകാരം നല്‍കി കഴിഞ്ഞാല്‍, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധസമിതി യോഗം ചേരും. വൈകാതെ വാക്സിന് അടിയന്തര അംഗീകാരം നല്‍കുന്നതിനുമുമ്ബായി വിദേശത്തും ഇന്ത്യയിലും നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുന്നു.
ഇന്ത്യയില്‍ ജനുവരി ആദ്യം കോവിഡ് വാക്സിനേഷന്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കൊവിഷീല്‍ഡിന് പുറമേ വാക്സിന്‍ കമ്ബനിയായ ഫൈസര്‍, ഇന്ത്യയിലെ തന്നെ പ്രാദേശിക വാക്സിന്‍ നിര്‍മാതാക്കളായ ബയോണ്‍ടെക് എന്നിവര്‍ അടിയന്തര അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. പക്ഷേ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അടിയന്തമായി ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം.