അവസാന വാക്ക് പാലിക്കാതെ അനില്‍ മടങ്ങി;സങ്കടക്കടലില്‍ അമ്മ
കൊച്ചി: അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം.മരണ വാര്‍ത്ത വിശ്വസിയ്ക്കാനാവാത്ത വിധം സങ്കടക്കടലിലാണ് സഹപ്രവര്‍ത്തകരും ആരാധകരും. ക്രിസ്മസ് ദിനത്തില്‍ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയസുഹൃത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു.
മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് അറിയാതെ ഊളിയിടുന്നതിനു മുമ്പ് അനില്‍ അമ്മ ഓമനയമ്മയെ ഫോണില്‍ വിളിച്ചു. ”നല്ല തിരക്കുണ്ടമ്മേ, അടുത്തമാസം 15-ന് ഞാന്‍ വരാം. ഇന്ന് ക്രിസ്മസ് ആയതുകൊണ്ട് ഉച്ചയ്ക്കുശേഷം ഷൂട്ടിങ്ങില്ല. ഒന്നു വിശ്രമിക്കണം..”. ഇത്രയും പറഞ്ഞാണ് അനില്‍ ഫോണ്‍വച്ചതെന്ന് അമ്മ പറയുന്നു. നെടുമങ്ങാട് തോട്ടുമുക്കിലെ സുരഭിയെന്ന വീട്ടിലേക്ക് ഓമനയമ്മയെത്തേടി ഇനി ആവിളി വരില്ല. ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് അനിലിന്റെ അപകടവിവരം ചാനലുകളിലൂടെ അമ്മയും നാട്ടുകാരും അറിയുന്നത്.
അനിലിന്റെ അച്ഛന്‍ പി.പീതാംബരന്‍നായര്‍ രണ്ടുവട്ടം വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നു. അമ്മ സര്‍ക്കാര്‍ ജീവനക്കാരിയും. അതുകൊണ്ടുതന്നെ ജീവിതത്തില്‍ പ്രാരാബ്ദതകളുടെ സങ്കടക്കഥകള്‍ ചുമക്കേണ്ടിവന്നിട്ടില്ല അനിലിന്.
മഞ്ച ബോയ്‌സ് സ്‌കൂളിലെ പഠനകാലത്ത് മിക്കദിവസങ്ങളിലും ഉച്ചയ്ക്കുശേഷം ടൗണിലെ തിയേറ്ററുകളിലെത്തി പഴയ സിനിമകള്‍ ഒന്നൊഴിയാതെ കൂട്ടുകാരോടൊത്ത് കണ്ടിരുന്നതിന്റെ ഓര്‍മകള്‍ മരണത്തിനു തൊട്ടുമുമ്പും അനില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്- കൂട്ടുകാര്‍ക്കയച്ച വാട്‌സ് ശബ്ദത്തിലൂടെ. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്പിച്ചിരുന്നു അനില്‍. അവധി ദിനങ്ങളില്‍ നാട്ടിലെത്തിയാല്‍ പരമാവധി സമയം കൂട്ടുകാരോടൊപ്പമാണ് ചെലവിട്ടിരുന്നത്. നാട്ടിലെ പൊതുകാര്യങ്ങള്‍ക്കെല്ലാം അനില്‍ മുന്‍നിരയിലുണ്ടാകും.,/p>
മരണത്തിന് തൊട്ടുമുന്‍പും മഞ്ച സ്‌കൂളിലെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ പഴയ സഹപാഠികള്‍ക്ക് ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരാന്‍ അനില്‍ മറന്നില്ല. മച്ചമ്പി…. എന്ന തനി നാട്ടിന്‍പുറത്തുകാരന്റെ വിളിയോടെയാണ് തുടങ്ങുന്ന ക്രിസ്മസ് ആശംസ അവസാനിച്ചത്.