ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കും പുരുഷ താരങ്ങൾക്കും ഇനി തുല്യ പ്രതിഫലം. വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങളുടെ അതേ പ്രതിഫലം നൽകാനുള്ള ചരിത്ര തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപിച്ചത്.
വർഷങ്ങളായി ഇന്ത്യൻ വനിതാ താരങ്ങൾ ഉന്നയിച്ചു വരുന്ന ആവശ്യത്തിനാണ് ഒടുവിൽ ബിസിസിഐ പച്ചക്കൊടി കാട്ടിയത്. ഇനി മുതൽ ഇന്ത്യൻ വനിതാ താരങ്ങൾക്കും പുരുഷ താരങ്ങളുടേതിനു തുല്യമായ മാച്ച് ഫീ ലഭിക്കുമെന്നാണ് ജയ് ഷായുടെ പ്രഖ്യാപനം.
‘‘ക്രിക്കറ്റിലെ ലിംഗ വിവേചനത്തെ ചെറുക്കുന്നതിനുള്ള ആദ്യ ചുവടെന്ന നിലയിൽ വളരെ സന്തോഷത്തോടെ ഒരു സുപ്രധാന തീരുമാനം അറിയിക്കുന്നു. നമ്മുടെ വനിതാ താരങ്ങൾക്കും ഇനിമുതൽ തുല്യ പ്രതിഫലം നൽകും. ഇനിമുതൽ നമ്മുടെ പുരുഷ, വനിതാ താരങ്ങളുെട മാച്ച് ഫീ തുല്യമായിരിക്കും. ലിംഗ സമത്വത്തിന്റെ പുതിയൊരു സുവർണ കാലത്തേക്കുള്ള ചുവടുവയ്പ്പാണിത്.’’ – ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.
The @BCCIWomen cricketers will be paid the same match fee as their male counterparts. Test (INR 15 lakhs), ODI (INR 6 lakhs), T20I (INR 3 lakhs). Pay equity was my commitment to our women cricketers and I thank the Apex Council for their support. Jai Hind 🇮🇳
— Jay Shah (@JayShah) October 27, 2022
‘‘പുരുഷ താരങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിനു തുല്യമായ മാച്ച് ഫീയാണ് ഇനിമുതൽ വനിതാ താരങ്ങൾക്കും ലഭിക്കുക. ടെസ്റ്റ് (15 ലക്ഷം രൂപ), ഏകദിനം (ആറു ലക്ഷം രൂപ), ട്വന്റി20 (മൂന്നു ലക്ഷം രൂപ) എന്നിങ്ങനെയായിരിക്കും മാച്ച് ഫീ. നമ്മുടെ വനിതാ താരങ്ങൾക്ക് ഞാൻ നൽകിയ ഉറപ്പായിരുന്നു തുല്യ പ്രതിഫലം. ഈ തീരുമാനം നടപ്പാക്കുന്നതിൽ ഉറച്ച പിന്തുണ നൽകിയ അപെക്സ് കൗൺസിലിനു നന്ദി. ജയ് ഹിന്ദ്’’ – ജയ് ഷാ കുറിച്ചു.