ടോക്കിയോ: ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ച് നഗരം ചുറ്റാനിറങ്ങിയ ഇന്ത്യൻ സംഘത്തിന് പിണഞ്ഞത് വലിയ അബദ്ധം. വസ്ത്രം തിരികെ നൽകാൻ മിനിറ്റുകൾ വൈകിയതിനെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ പോലീസ് ഇടപെടലിലാണ് അവസാനിച്ചത്. മുംബൈ സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ ആഷിക ജെയിനും നാല് സുഹൃത്തുക്കളുമാണ് ജപ്പാനിൽ ഈ അപ്രതീക്ഷിത പ്രതിസന്ധിയിലായത്. ആഷിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
നഗരത്തിലെ പ്രശസ്തമായ റെന്റൽ ഷോപ്പിൽ നിന്ന് കിമോണോ വാടകയ്‌ക്കെടുത്ത ആഷികയും സംഘവും വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി വസ്ത്രങ്ങൾ തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ 37 മിനിറ്റ് വൈകിയാണ് ഇവർ കടയിലെത്തിയത്. ജപ്പാനിലെ നിയമപ്രകാരം ഓരോ 30 മിനിറ്റിനും ഒരാൾക്ക് 1100 യെൻ (ഏകദേശം 646 രൂപ) വീതമാണ് പിഴ. 37 മിനിറ്റ് വൈകിയതിനാൽ, രണ്ടാമത്തെ സ്ലോട്ടിലേക്ക് സമയം കടന്നുവെന്ന് കാണിച്ച് ഒരാൾക്ക് 2200 യെൻ വീതം പിഴ നൽകണമെന്ന് കടയുടമ വാശിപിടിച്ചു. എന്നാൽ അരമണിക്കൂർ കഴിഞ്ഞു വന്ന അധിക ഏഴ് മിനിറ്റിന് ഇളവ് വേണമെന്നായിരുന്നു ഇന്ത്യക്കാരുടെ ആവശ്യം.
ഭാഷാപരമായ തടസ്സങ്ങൾ കാരണം, സംഘം പണം നൽകാൻ വിസമ്മതിക്കുകയാണെന്ന് തെറ്റിദ്ധരിച്ച കടയുടമ ഉടൻ പോലീസിനെ വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ഇരുവിഭാഗത്തിന്റെയും വാദം കേട്ടെങ്കിലും ജപ്പാനിലെ നിയമങ്ങൾ കർക്കശമായതിനാൽ ഇളവുകളൊന്നും ലഭിച്ചില്ല. ഒടുവിൽ അഞ്ചുപേർക്കും ചേർന്ന് വലിയ തുക പിഴയടയ്ക്കേണ്ടി വന്നു. ജപ്പാൻ പോലെയുള്ള രാജ്യങ്ങളിൽ സമയകൃത്യത എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ നിയമങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കണമെന്നും ഇന്ത്യൻ ശൈലിയിലുള്ള വിലപേശൽ ജപ്പാനിൽ നടക്കില്ലെന്നും പലരും കമന്റ് ചെയ്തു. വിദേശയാത്രകളിൽ സമയനിഷ്ഠ പാലിച്ചില്ലെങ്കിൽ അത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന വിമർശനവും ഉയരുന്നുണ്ട്. നിയമങ്ങൾ കണിശമായ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ വിനോദസഞ്ചാരികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.
A group of Indian tourists, including content creator Ashika Jain, faced police intervention in Japan after returning rented Kimonos 37 minutes late. A dispute over late fees escalated when the shop owner, due to language barriers, mistook their negotiation for a refusal to pay. The incident has sparked a debate on social media about respecting international laws and the strict punctuality culture in Japan


