FeaturedHome-bannerKeralaNews

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു

യുക്രൈന്‍ തലസ്ഥാനമായ കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിങ്. വെടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. വി കെ സിങിനെ ഉദ്ധരിച്ച്‌ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

യുക്രൈനിലെ റഷ്യന്‍ ആക്രമണം ഒമ്ബതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതല്‍ റഷ്യന്‍ സൈന്യമെത്തുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാര്‍ഖീവിലും റഷ്യ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു.

യുക്രൈനിലെ കേഴ്‌സണ്‍ നഗരം പിടിച്ചെടുത്തതോടെ ഒഡേസയും ഡോണ്‍ബാസും ലക്ഷ്യം വെച്ചാണ് റഷ്യന്‍ നീക്കം. ഒഡേസയില്‍ കൂടുതല്‍ റഷ്യന്‍ സേനയെ എത്തിച്ചു. ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ സ്ഥിരീകരിച്ചു. മരിയപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടര്‍ന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രൈന്‍ അവകാശപ്പെട്ടു.

മധ്യസ്ഥത ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി സംസാരിച്ചു. എന്നാല്‍ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. പ്രതീക്ഷകളെല്ലാം അവസാനിച്ചെന്നും യുക്രൈനില്‍ കൂടുതല്‍ മോശമായ അവസ്ഥയാണ് ഇനി വരാന്‍ പോകുന്നതെന്നും മാക്രോണ്‍ പറഞ്ഞു. അതിനിടെ യുഎന്‍ രക്ഷാസമിതിയിലെ റഷ്യയുടെ സ്ഥിരാഗംത്വം റദ്ദാക്കണമെന്ന യുക്രൈന്റെ ആവശ്യം അമേരിക്ക തള്ളി. യുക്രൈനും ജോര്‍ജിയക്കും പിന്നാലെ മോള്‍ഡോവയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തേടി അപേക്ഷ നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button