സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത്; കേരളത്തിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
തിരുവനന്തപുരം: സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുത് കേരളത്തിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കരുതെന്നാണ് ഐ.എം.എ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഒരു മാസമെങ്കിലും കുറഞ്ഞത് നീട്ടിവയ്ക്കണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗ ബാധ ഉണ്ടാകാനും കുട്ടികള്‍ വൈറസ് വാഹകരാകാനുമുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളില്‍ നിന്ന് വീടുകളിലേക്ക് രോഗമെത്താം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ ഇവരുള്ള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. റിവേഴ്സ് ക്വാറന്റൈനും പാളും. സമൂഹ വ്യാപന സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാലയങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും. പരിശോധന കിറ്റുകളുടെ കുറവ് ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതും പ്രയാസകരമാകും. അദ്ധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഐ.എം.എ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.